നിയമ മേഖലയിൽ പൂർണ്ണമായും സ്വദേശിവത്ക്കരണം നടപ്പിലാക്കാൻ ഒമാൻ

മസ്‌കത്ത്: നിയമ മേഖലയിൽ പൂർണ്ണമായും സ്വദേശിവത്ക്കരണം നടപ്പിലാക്കാൻ ഒമാൻ. വിദേശികളുമായി പങ്കാളിത്തത്തിൽ നടത്തുന്ന നിയമ സ്ഥാപനങ്ങൾ മൂന്ന് വർഷത്തിനുള്ളിൽ സ്വദേശിവത്കരിക്കണമെന്നാണ് ഉത്തരവ്. അടുത്തിടെ ഇത് സംബന്ധിച്ച് ഒമാൻ സുൽത്താൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

വിദേശികൾ മാത്രം നടത്തുന്ന നിയമ സ്ഥാപനങ്ങൾ, ലീഗൽ കൺസൾടൻസി എന്നിവ ഒരു വർഷത്തിനുള്ളിൽ ഈ നിയമം നടപ്പാക്കണമെന്നാണ് ഉത്തരവ്. ഇത്തരം സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് ഒരു വർഷംവരെ തുടരാവുന്നതാണ്. ഈ കാലയളവിൽ ഇത്തരം സ്ഥാപനങ്ങളുടെ ഷെയറുകൾ കൈമാറ്റം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. മന്ത്രിമാർ, സ്റ്റേറ്റ് കൗൺസിൽ, മജ്ലിസ് ശൂറ, പബ്ലിക് പ്രോസിക്യൂഷൻ, സ്റ്റേറ്റ് ഭരണ മേഖല, കമ്പനികൾ, സ്വകാര്യ സ്ഥാപനങൾ തുടങ്ങിയ മേഖലകളിൽ വക്കീൽ ആയോ നിയമ ഉപദേഷ്ടാവായോ ജോലി ചെയ്യുന്നവർക്ക് ആ മേഖലയിൽ പൂർണമായി ജോലി ചെയ്യാൻ കഴിയില്ല.

ഈ വിഭാഗക്കാർ പ്രാക്ടീസ് ചെയ്യാത്ത വക്കീലന്മാർ, പ്രാക്ടീസ് ചെയ്യാത്ത നിയമ ഉപദേഷ്ടാക്കൾ എന്ന പേരിലാണ് അറിയപ്പെടുക. എന്നാൽ, വിദേശി വക്കീലന്മാർക്ക് കൺസൾട്ടിങ് ഓഫീസുകൾ തുറക്കാൻ അനുവാദമുണ്ട്. ഇത് വിദേശികൾക്ക് സ്വന്തമായോ ഒമാനികളുടെ പങ്കാളിത്തത്തോടെയോ നടത്താൻ കഴിയും. വക്കീലന്മാരുടെയോ നിയമ ഉപദേഷ്ടാക്കളുടെയോ വിഷയത്തിൽ നിലവിൽ നടപ്പാക്കുന്ന നിയമം ലംഘിക്കുന്നവർക്ക് ആറ് മാസം മുതൽ മൂന്ന് വർഷം വരെ തടവും 300 റിയാൽ മുതൽ 1000 റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.