കേരളത്തിലെ വ്യാപകമായ വിദേശ തൊഴിൽ തട്ടിപ്പുകൾ തടയാൻ ശക്തമായ നടപടികളുമായി കേരള സർക്കാർ

കൊച്ചി: വിദേശതൊഴിൽ തട്ടിപ്പുകൾ തടയാൻ ശക്തമായ നടപടികളുമായി കേരള സർക്കാർ. നോർക്ക സെക്രട്ടറി ഡോ. കെ. വാസുകി പുറത്തിറക്കിയ ഗവർമെന്റ് ഉത്തരവിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തിലെ വ്യാപകമായ വിദേശ തൊഴിൽ തട്ടിപ്പുകൾ തടയാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണം തേടിയിട്ടുണ്ടെന്നും കേരള പോലീസ് മേധാവിയോടും കേരള പോലീസ് എൻ.ആർ.ഐ. സെൽ സുപ്രണ്ടിനോടും കേരള പോലീസ് എൻ.ആർ.ഐ. സെൽ സെൽ ശക്തപ്പെടുത്താനും പ്രവാസികൾക്കായി പുതിയതായി സൈബർ സെൽ തുടങ്ങാനും ഈ ഉത്തരവിൽ ആവശ്യപെടുന്നു. വിദേശത്തേക്കുള്ള വിദ്യാർത്ഥി കുടിയേറ്റത്തിന് ആവശ്യമായ മാർഗനിർദേശങ്ങളും വേണ്ടിവന്നാൽ പുതിയ നിയമവും കൊണ്ടുവരുവാൻ നിയമ വകുപ്പിനോടും ഈ ഉത്തരവിൽ ആവശ്യപെട്ടിട്ടുണ്ട്. വിദേശ വിദേശതൊഴിൽ തട്ടിപ്പുകൾ തടയാൻ നോർക്കയും പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സും കേരള പോലീസ് എൻ.ആർ.ഐ. സെല്ലും ചേർന്ന് ഒരു പുതിയ ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായും ഈ ഉത്തരവിൽ പറയുന്നു.

വിദേശതൊഴിൽ തട്ടിപ്പുകൾ ഈ അടുത്തകാലത്തായി വ്യാപകമായതിനെ തുടർന്ന് ഇവ തടയുവാനായി പ്രവാസി ലീഗൽ സെല്ലിനുവേണ്ടി ഗ്ലോബൽ പ്രെസിഡണ്ട് അഡ്വ ജോസ് എബ്രഹാം ഹൈകോടതിയെ സമീപിച്ചിരുന്നു. ഈ വിഷയത്തിൽ രണ്ടു മാസത്തിനകം തീരുമാനമെടുക്കാൻ കേരള ഹൈകോടതി കേരള സർക്കാരിന് നിർദേശവും നൽകിയിരുന്നു. ജസ്റ്റിസ് ടി.ആർ. രവിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. പ്രവാസി ലീഗൽ സെൽ പ്രതിനിധികളുമായി ഹിയറിങ് നടത്തി തീരുമാനമെടുക്കാനാണ് കേരള ഹൈകോടതി നിർദേശം. ഈ ഹൈക്കോടതി നോർദേശപ്രകാരമാണ് കേരള സർക്കാരിന്റെ ഈ സുപ്രധാനമായ തീരുമാനം. ലീഗൽ സെൽ പ്രെസിഡന്റ്റ് അഡ്വ. ജോസ് എബ്രഹാം, കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി ആർ മുരളീധരൻ, തലക്കത്തു പൂവച്ചൽ എന്നിവരാണ് പ്രവാസി ലീഗൽ സെല്ലിനുവേണ്ടി സർക്കാരിനു മുമ്പാകെ ഹിയറിങ്ങിനു ഹാജരായത്.

വിവിധ രാജ്യങ്ങൾ കേന്ദ്രീകരിച്ചു നടന്ന നൂറുകണക്കിന് വിദേശ തൊഴിൽ തട്ടിപ്പുകളുടെ വിവരങ്ങൾ ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. പിഎൽസി യൂ.കെ ചാപ്റ്റർ അദ്ധ്യക്ഷ അഡ്വ.സോണിയ സണ്ണി, ദുബായ് ചാപ്റ്റർ അദ്ധ്യക്ഷൻ ശ്രീ. ടി. എൻ. കൃഷ്ണകുമാർ അബുദാബി ചാപ്റ്റർ അദ്ധ്യക്ഷൻ ശ്രീ. ജയ്പാൽ ചന്ദ്രസേനൻ എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ കേസുകൾ ക്രോഡീകരിച്ചത്.

പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനായി കഴിഞ്ഞ പതിനഞ്ചു വർഷത്തിലേറെയായി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെല്ലിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇടപെടലുകളിൽ ഒന്നായിരുന്നു ഇത് എന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവും ബഹറിൻ ചാപ്റ്റർ അധ്യക്ഷനുമായ ശ്രി. സുധീർ തിരുനിലത്തു പറഞ്ഞു.