മസ്‌കത്ത്: യുഎഇയെയും ഒമാനെയും ബന്ധിപ്പിച്ച് നിർമിക്കുന്ന ഹഫീത് റെയിലിന് ട്രെയിൻ എൻജിനുകൾ വിതരണം ചെയ്യുന്നതിന് പ്രോഗ്രസ് റെയിലുമായി കരാർ ഒപ്പിട്ടു. ഗ്ലോബൽ റെയിൽ എക്സിബിഷൻ ആൻഡ് കോൺഫറൻസിലാണ് കരാർ ഒപ്പിട്ടത്. പ്രദേശങ്ങളുടെ ഭൂമിശാസ്ത്രത്തിനും കാലാവസ്ഥക്കും ഇണങ്ങുന്ന തരത്തിലും സുരക്ഷ, സുസ്ഥിരത, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മാനദണ്ഡങ്ങൾ പാലിക്കുന്ന തരത്തിലുമാണ് എൻജിനുകൾ രൂപകൽപന ചെയ്തിരിക്കുന്നത്.
അബുദാബിയിൽ നടക്കുന്ന ഗ്ലോബൽ റെയിൽ എക്സിബിഷൻ ആൻഡ് കോൺഫറൻസിന്റെ ഭാഗമായാണ് ഹഫീത് കമ്പനി അധികൃതർ കരാറിലെത്തിയത്. സംയുക്ത നെറ്റ്‌വർക്ക് പ്രോജക്ട് വികസിപ്പിക്കുന്നതിന് പിന്തുണ നൽകുന്നതിനായി മാനേജ്മെന്റ്, എൻജിനീയറിങ് കൺസൾട്ടൻസി സേവനങ്ങൾക്കായി പ്രമുഖ ഫ്രഞ്ച് എൻജിനിയറിങ്, കസൽട്ടിങ് കമ്പനിയായ സിസ്ട്രയുമായും ധാരണയിലെത്തിയിട്ടുണ്ട്.
രണ്ട് ദിവസം മുൻപ് റെയിൽ പദ്ധതിയുടെ നിർമാണങ്ങൾക്ക് കരുത്തു പകർന്ന് സാമ്പത്തിക കരാറുകളിലും അധികൃതർ ഒപ്പുവെച്ചിരുന്നു. 150 കോടി ഡോളറിന്റെ കരാറിലാണ് ഹഫീത് റെയിൽ അധികൃതർ ഒപ്പുവെച്ചത്.