മസ്‌കത്ത്: ഒമാനിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഉഷ്ണമേഖലാ ന്യൂനമർദമായി മാറിയാതായും ഒമാൻ തീരപ്രദേശത്ത് നിന്ന് ഏകദേശം 950 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നതെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഉഷ്ണമേഖല ന്യൂനമർദം പടിഞ്ഞാറോട്ട് ദോഫാർ ഗവർണറേറ്റിലേക്കും ഏദൻ ഉൾക്കടലിലേക്കും നീങ്ങുകയാണ്.
ഇത് തീവ്ര ന്യൂനമർദമായി വികസിക്കുമെന്നും തിങ്കളാഴ്ച രാത്രി മുതൽ വ്യത്യസ്ത തീവ്രതയിലുള്ള മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചു. തിങ്കളാഴ്ച വൈകുന്നേരമോ ചൊവ്വാഴ്ച രാവിലെയോ മഴ ലഭിച്ചേക്കും. ദോഫാർ, മസ്‌കത്ത്, തെക്കൻബാത്തിന, ദാഖിലിയ, വടക്കൻ ശർഖിയ ഗവർണറേറ്റുകളിൽ 30 മുതൽ 60 മില്ലിമീറ്റർ വരെ മഴ പെയ്തേക്കും. ഇത് വാദികൾ നിറഞ്ഞൊഴുകാനും വെള്ളപൊക്കത്തിനും ഇടയാക്കും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.