ശക്തമായ മഴ; ജോലിക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി ഒമാൻ

മസ്‌കത്ത്: ജോലിക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി ഒമാൻ. തൊഴിൽ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ഒമാനിൽ ഇന്ന് മുതൽ ശക്തമായ മഴ ലഭിക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് നിർദ്ദേശം. പുറം ജോലികൾ താത്കാലികമായി നിർത്തിവെക്കണമെന്നും മറ്റു തൊഴിലിടങ്ങളിലും സുരക്ഷ ഉറപ്പാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

ജീവനക്കാരെ ഓരോ സമയവും ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകൾ അറിയിക്കണം. പ്രതികൂല കാലാവസ്ഥയിൽ തൊഴിലാളികൾ വീടുനുള്ളിൽ തന്നെ തുടരാൻ നിർദേശം നൽകണം. താഴ്ന്ന പ്രദേശങ്ങളിൽ തൊഴിലാളികൾ പോകുന്നില്ലെന്ന് ഉറപ്പുവരുത്തണം. തൊഴിലിടങ്ങളിലെയും താമസ സ്ഥലങ്ങളിലെയും ഭാരം കുറഞ്ഞ ഉപകരണങ്ങൾ സുരക്ഷിതമാക്കണമെന്ന് തൊഴിൽ മന്ത്രാലയം നിർദ്ദേശിച്ചു.

ലിഫ്റ്റിങ് ഉപകരണങ്ങളുടെയും ക്രെയിനുകളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും അടിയന്തര സാഹചര്യത്തിൽ ജീവനക്കാർക്ക് ബന്ധപ്പെടുന്നതിന് എമർജൻസി കോൺടാക്ട് നമ്പറുകൾ നൽകണമെന്നുമാണ് മറ്റ് നിർദ്ദേശങ്ങൾ.

അതേസമയം, ഒമാനിലെ ഒമ്പത് ഗവർണറേറ്റുകളിൽ ഇന്ന് അവധിയാണ്. ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്നാണ് അവധി പ്രഖ്യാപിച്ചത്. നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെന്റാണ് സ്‌കൂളുകൾക്കും പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചത്.

മസ്‌കത്ത്, സൗത്ത് ഷർഖിയ, നോർത്ത് ഷർഖിയ, അൽ വുസ്ത, നോർത്ത് ബാത്തിന, സൗത്ത് ബാത്തിന എന്നിവിടങ്ങളിലും ദാഖിലിയ, ദാഹിറ, അൽ ബുറൈമി എന്നീ ഗവർണറേറ്റുകളിലെ പർവതപ്രദേശങ്ങളിലുമാണ് അവധി ബാധകമെന്ന് അധികൃതർ വ്യക്തമാക്കി.