ഈ വർഷത്തെ കിംഗ്ഫിഷ് മത്സ്യബന്ധന നിരോധനം അവസാനിച്ചു; അറിയിപ്പുമായി ഒമാൻ

മസ്‌കത്ത്: ഈ വർഷത്തെ കിംഗ്ഫിഷ് മത്സ്യബന്ധന നിരോധനം അവസാനിപ്പിച്ചതായി ഒമാൻ. കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ 16 ബുധനാഴ്ച മുതൽ കിംഗ്ഫിഷിന്റെ മത്സ്യബന്ധനത്തിനും വ്യാപാരത്തിനും ഓമാനിൽ അനുമതി നൽകും.

കിംഗ് ഫിഷുകളുടെ സുസ്ഥിരത സംരക്ഷിക്കുന്നതിനായാണ് നിരോധനം ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചത്. നിരോധന കാലയളവിൽ രാജ്യത്തെ മത്സ്യത്തൊഴിലാളികളുടെ സഹകരണത്തിന് അധികൃതർ നന്ദി അറിയിച്ചു.

എല്ലാ മത്സ്യത്തൊഴിലാളികളോടും സുസ്ഥിര മത്സ്യബന്ധന രീതികൾ തുടരണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു. ദീർഘകാല സംരക്ഷണം ഉറപ്പാക്കാൻ കിംഗ്ഫിഷിനെ പിടിക്കുന്നതിനുള്ള അനുവദനീയമായ ഏറ്റവും കുറഞ്ഞ നീളം 65 സെന്റിമീറ്ററായി തുടരുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.