ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ മഴയ്ക്ക് സാധ്യത; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

മസ്‌കത്ത്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ഇന്ന് മഴയ്ക്ക് സാധ്യത. അൽ ഹജർ മലനിരകളിലും ദോഫാർ ഗവർണറേറ്റും ഏറ്റവും കൂടുതൽ ആഘാതമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.

സൗത്ത് ബാത്തിന, ദാഖിലിയ, നോർത്ത് ഷർഖിയ, അൽ ദാഹിറ, അൽ ബുറൈമി ഗവർണറേറ്റുകളിലും കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. ഗവർണറേറ്റുകളിലെ മലയോര -മരുഭൂമി പ്രദേശങ്ങളിലാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്.

വെള്ളിയാഴ്ച്ച രാത്രി 11:00 വരെ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ആലിപ്പഴം വീഴാനും 15-35 നോട്ട്സ് വേഗതയിലുള്ള കാറ്റ് വീശാനുമിടയുണ്ട്. ദൂരക്കാഴ്ച കുറവ്, കാറ്റ്, വാദികളിലെ വെള്ളപ്പൊക്ക സാധ്യത എന്നിവയെക്കുറിച്ച് ജാഗ്രത പാലിക്കമെന്നും അധികൃതർ ആവശ്യപ്പെട്ടു. ഡ്രൈവർമാരും പൊജുജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.