മസ്‌കത്ത്: സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മുന്നറിയിപ്പുമായി ഒമാൻ. ഇതുസംബന്ധിച്ച് തൊഴിൽ മന്ത്രാലയം പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി. ജോലിക്ക് വൈകി എത്തുന്നതും നേരത്തെ മടങ്ങുന്നതും പോലുള്ള നിയമലംഘനങ്ങൾക്ക് കർശന നടപടികൾ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.
പുതിയ നിയമത്തിന്റെ പരിധിയിൽ വരുന്നത് 25-ലധികം ജീവനക്കാരുള്ള സ്വകാര്യ കമ്പനികളാണ്. ഈ കമ്പനികൾ തങ്ങളുടെ തൊഴിൽ സ്ഥലത്ത് ഈ നിയമങ്ങളും പിഴകളും അറബിയിലും ഇംഗ്ലിഷിലും പ്രദർശിപ്പിക്കണമെന്നാണ് നിർദ്ദേശം. 15 മിനിറ്റ് വരെ വൈകിയാൽ ആദ്യ തവണയാണെങ്കിൽ രേഖാമൂലമുള്ള മുന്നറിയിപ്പ് നൽകും. പിന്നീട് ആവർത്തിച്ചാൽ ദിവസ വേതനത്തിന്റെ 5, 10, 15 ശതമാനം വീതം പിടിക്കും. 15 മുതൽ 30 മിനിറ്റ് വരെ: ദിവസ വേതനത്തിന്റെ 10, 15, 25 ശതമാനം വരെ പിടിക്കും.
30 മിനിറ്റിൽ കൂടുതലാണെങ്കിൽ ദിവസ വേതനത്തിന്റെ 15, 25, 50 ശതമാനം വരെ പിടിക്കും. 60 മിനിറ്റിൽ കൂടുതലാണെങ്കിൽ ദിവസ വേതനത്തിന്റെ 75 ശതമാനം വരെ പിടിക്കും. അനുമതിയില്ലാത്ത അവധിയെടുക്കുകയാണെങ്കിൽ അവധി ദിവസത്തെ വേതനം നഷ്ടപ്പെടും. കൂടാതെ ദിവസ വേതനത്തിന്റെ 25 മുതൽ 50 ശതമാനം വരെ പിടിക്കും. നിശ്ചിത എക്സിറ്റിലൂടെയല്ലാതെ പുറത്തുപോകുന്നവർക്ക് ദിവസ വേതനത്തിന്റെ 25 ശതമാനം വരെ പിഴയോ രണ്ട് ദിവസത്തെ സസ്പെൻഷനോ ലഭിക്കും. ജോലി സമയത്ത് ഭക്ഷണം കഴിക്കൽ, ഉറക്കം തുടങ്ങിയവയ്ക്ക് രേഖാമൂലമുള്ള മുന്നറിയിപ്പ് മുതൽ ഒന്നിലധികം ദിവസങ്ങളിലേക്ക് സസ്പെൻഷനാണ് ശിക്ഷ. കമ്പനി ഫോൺ ദുരുപയോഗം, ഹാജർ ലോഗ് മാറ്റൽ എന്നിവയ്ക്ക് പിഴയും തൊഴിലാളികളുടെ സുരക്ഷയ്‌ക്കോ സാമഗ്രികളുടെ നാശത്തിനോ കാരണമാകുന്ന അശ്രദ്ധയ്ക്ക് ഒന്ന് മുതൽ അഞ്ച് ദിവസം വരെ സസ്പെൻഷനും ലഭിക്കുമെന്ന് ഉത്തരവിൽ വിശദമാക്കുന്നു.