ഔദ്യോഗിക സ്ഥാപനത്തിന്റെ പേരിൽ വ്യാജ വെബ്സൈറ്റ് നിർമിച്ച് തട്ടിപ്പ്; ഒമാനിൽ പ്രതി പിടിയിൽ

മസ്‌കത്ത്: ഒമാനിൽ ഔദ്യോഗിക സ്ഥാപനത്തിന്റെ പേരിൽ വ്യാജ വെബ്സൈറ്റ് നിർമിച്ച് തട്ടിപ്പ് നടത്തിയ വ്യക്തി പിടിയിൽ. റോയൽ ഒമാൻ പോലീസാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറബ് പൗരനാണ് അറസ്റ്റിലായതെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആന്റ് റിസർച്ച് വിഭാഗം അറിയിച്ചു.

ആളുകളുടെ ബാങ്ക് വ്യക്തിഗത വിവരങ്ങൾ നേടിയെടുക്കുന്നതിനും ഇതുവഴി അക്കൗണ്ടിൽ നിന്നും പണം അപഹരിക്കാനുമായിരുന്നു പ്രതിയുടെ ശ്രമം. ഉപഭോക്താക്കിൽ നിന്നും ബാങ്ക് വിവരങ്ങൾ സ്വന്തമാക്കുകയും ഇതുവഴി പണം അപഹരിക്കുകയും ചെയ്യുന്ന ഉപഭോക്തൃ വിഭാഗത്തിന്റെ പേരിലുള്ള വ്യാജ വെബ്സൈറ്റുകളെ കുറിച്ചും പോലീസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. വെബ്സൈറ്റ് വഴി, സംശയം ജനിപ്പിക്കാത്ത രീതിയിൽ ഉപഭോക്താക്കളിൽ നിന്നും, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കുകയാണ് തട്ടിപ്പ് സംഘങ്ങളുടെ രീതി.

ഇത് ലഭിച്ചു കഴിഞ്ഞാൽ പണം അക്കൗണ്ടിൽ നിന്നും പിൻവലിക്കുകയും ചെയ്യുന്നതായി പൊലീസ് വ്യക്തമാക്കി. ഇത്തരം തട്ടിപ്പുകളെ കുറിച്ച് ബോധവാൻമാരാകണമെന്ന് പോലീസ് ജനങ്ങളോട് ആഹ്വാനം ചെയ്തു.