മസ്‌കത്ത്: ഒമാനി പൗരന്മാർക്കും താമസക്കാർക്കും ഹജ്ജ് സീസണിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ഒമാൻ എൻഡോവ്‌മെന്റ് മതകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 18 വയസിനും അതിന് മുകളിലുമുള്ളവർക്ക് ഹജ്ജ് തീർത്ഥാടനം നടത്താനായി www.hajj.om എന്ന ഔദ്യോഗിക പോർട്ടൽ വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. നവംബർ 4 മുതൽ 17 വരെ രജിസ്റ്റർ ചെയ്യാമെന്ന് അധികൃതർ വ്യക്തമാക്കി.
അപേക്ഷകർക്ക് അവരുടെ സിവിൽ ഐഡി, വ്യക്തിഗത കാർഡ് അല്ലെങ്കിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. 67 വയസും അതിൽ കൂടുതലുമുള്ള പുരുഷന്മാർ, 65 വയസും അതിൽ കൂടുതലുമുള്ള സ്ത്രീകൾ, കാഴ്ച വൈകല്യമുള്ള വ്യക്തികൾ തുടങ്ങിയവർക്ക് സഹായത്തിനായി ഒരാൾക്ക് കൂടി രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്. രജിസ്റ്റർ ചെയ്യുന്നവർ പിന്നീടുള്ള അപ്‌ഡേറ്റുകൾ അറിയുന്നതിനായി കൃത്യമായ മൊബൈൽ നമ്പറും, ഇ-മെയിൽ ഐഡിയും നൽകേണ്ടതാണ്.
സുതാര്യത ഉറപ്പാക്കാൻ, രജിസ്‌ട്രേഷൻ നടപടികളിൽ ഇടപെടുന്നതിൽ നിന്ന് ഹജ്ജ് കമ്പനികളെ മന്ത്രാലയം വിലക്കിയിട്ടുണ്ട്. ഔദ്യോഗിക സംവിധാനം വഴി നേരിട്ട് രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ അപേക്ഷകരോട് അധികൃതർ അഭ്യർത്ഥിച്ചു.