മസ്‌കത്ത്: ഒമാനിൽ നിയമലംഘനം നടത്തിയ പ്രവാസികൾ അറസ്റ്റിൽ. നോർത്ത് അൽ ബത്തിനയിലാണ് നിയമലംഘനം നടത്തിയ പ്രവാസികൾ അറസ്റ്റിലായത്. 650 പ്രവാസികളെയാണ് അറസ്റ്റ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു. തൊഴിൽ മന്ത്രാലയമാണ് മേഖലയിൽ പരിശോധന നടത്തിയത്.
സെക്യൂരിറ്റി ആന്റ് സേഫ്റ്റി സർവീസസിന്റെ ഇൻസ്‌പെക്ഷൻ യൂണിറ്റിന്റെ പിന്തുണയോടെയായിരുന്നു പരിശോധന. 49 തൊഴിൽ നിയമലംഘനങ്ങൾ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരിൽ 106 പേർ വർക്ക് പെർമിറ്റ് ഇല്ലാതെ ജോലി ചെയ്യുന്നവരാണ്.
അതേസമയം, ഒമാനിലെ ബുറേമി ഗവർണറേറ്റിലെ വിവിധ സ്ഥലങ്ങളിൽ നിന്നും തൊഴിൽ നിയമം ലംഘിച്ച പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഒമാൻ തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചവരാണ് പിടിയിലായത്. 26 ഏഷ്യൻ പൗരന്മാരെയാണ് ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്തിട്ടുള്ളത്. അറസ്റ്റിലായവർക്കെതിരെ നിയമ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞതായും റോയൽ ഒമാൻ പൊലീസ് കൂട്ടിച്ചേർത്തു.