ടൂറിസ്റ്റ് ഗൈഡുകൾക്കായി ഫ്രീലാൻസ് എംപ്ലോയ്മെന്റ് രജിസ്റ്ററുമായി ഒമാൻ

മസ്‌കത്ത്: ടൂറിസ്റ്റ് ഗൈഡുകൾക്കായി ഫ്രീലാൻസ് എംപ്ലോയ്മെന്റ് രജിസ്റ്ററുമായി ഒമാൻ. പൈതൃക വിനോദസഞ്ചാര മന്ത്രാലയമാണ് ഫ്രീലാൻസ് എംപ്ലോയ്‌മെന്റ് രജിസ്റ്റർ അവതരിപ്പിച്ചത്. നാഷണൽ എംപ്ലോയ്‌മെന്റ് പ്രോഗ്രാമിന്റെയും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് ടൂറിസ്റ്റ് ഗൈഡുകൾക്കായി ”ഫ്രീലാൻസ് വർക്ക്” സംരംഭം ആരംഭിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് പൊതു-സ്വകാര്യ മേഖലകളിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പൈതൃക, ടൂറിസം മന്ത്രാലയം അണ്ടർസെക്രട്ടറി അസ്സാൻ ഖാസിം അൽ ബുസൈദിയാണ് സംരംഭം ഉദ്ഘാടനം ചെയ്തത്. സുൽത്താനേറ്റിലെ ടൂറിസ്റ്റ് ഗൈഡുകളെ പിന്തുണയ്ക്കാനും ഈ മേഖലയിലെ സ്വതന്ത്ര തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം.

ഫ്രീലാൻസ് ടൂറിസ്റ്റ് ഗൈഡുകൾക്ക് രജിസ്റ്റർ ചെയ്യാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ സംവിധാനം വഴിയൊരുക്കും. വിനോദസഞ്ചാരികൾക്ക് ലഭിക്കുന്ന സേവനത്തിന്റെ നിലവാരവും മെച്ചപ്പെടുത്തും. ഇതിന് പുറമെ ഗൈഡുകൾക്ക് പരിശീലനവും നൽകും.