മസ്‌കത്ത്: രാജ്യത്ത് ഇ-പേയ്മെന്റ് സൗകര്യം ഏർപ്പെടുത്താത്ത വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. വാണിജ്യ വ്യവസായ വകുപ്പാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ദാഹിറ ഗവർണറേറ്റിൽ നടന്ന പരിശോധനയിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത നിരവധി സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി.
ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനായി ഷോപ്പുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഒമാൻ വാണിജ്യ വ്യവസായ വകുപ്പ് പരിശോധന നടത്തിയത്. ദാഹിറ ഗവർണറേറ്റിൽ നടന്ന പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ നിരവധി സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
നിയമലംഘനത്തിന് വാണിജ്യ രജിസ്റ്ററിൽ നിന്ന് ബിസിനസ് നീക്കം ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. നിയമലംഘനം കണ്ടെത്തിയാൽ ആദ്യപടിയായി 5000 റിയാലാണ് പിഴ ഈടാക്കുക. വീണ്ടും ആവർത്തിക്കുന്നപക്ഷം പിഴ 10000 റിയാലും മൂന്നുമാസത്തെ സസ്പെൻഷനും ലഭിക്കും, ലംഘനം വീണ്ടും തുടർന്നാൽ 15000 റിയാൽ പിഴയും വാണിജ്യ രജിസ്റ്ററിൽ നിന്ന് ബിസിനസ് നീക്കുകയും ചെയ്യും. അതിന് ശേഷം വീണ്ടും രജിസ്റ്റർ ചെയ്യണമെങ്കിൽ ഒരുവർഷം കഴിയേണ്ടതാണ്.