മസ്‌കത്ത്: രാജ്യത്ത് രഹസ്യ വ്യാപാരം തടയുന്നതിന്റെ ഭാഗമായി പരിശോധന ശക്തമാക്കി ഒമാൻ. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയമാണ് പരിശോധന ശക്തമാക്കിയത്. ദാഹിറ ഗവർണറേറ്റിലെ റസ്റ്ററന്റുകൾ, കഫേകൾ, മറ്റു വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ അധികൃതർ പരിശോധന നടത്തി.
രാജ്യത്തെ മുഴുവൻ സ്ഥാപനങ്ങളും ഏതെങ്കിലും അംഗീകൃത ബാങ്കിൽ അക്കൗണ്ട് തുറക്കണമന്ന് നേരത്തെ മന്ത്രാലയം നിർദേശിച്ചിരുന്നു. ബിനാമി ഇടപാടുകൾ തടയുന്നതിന്റെ ഭാഗമായിട്ടായിരുന്നു നിർദ്ദേശ. രാജ്യത്തെ നിയമമോ രാജകീയ ഉത്തരവോ അനുവദിക്കാത്ത ബിനാമി ഇടപാടുകൾ ഉൾപ്പെടെയുള്ളവ പിടിക്കപ്പെട്ടാൽ 15,000 റിയാൽ വരെ പിഴ ശിക്ഷ ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
സ്ഥാപനം സ്ഥാപിക്കുന്ന സമയത്തെ രേഖകൾ, ലൈസൻസ് നേടാനുള്ള അപേക്ഷ, സ്ഥാപനത്തിന്റെ അക്കൗണ്ട് എന്നിവയിൽ തെറ്റായ വിവരമോ കണക്കോ സമർപ്പിക്കുന്നതും ശിക്ഷാർഹമാണ്. സ്ഥാപനത്തിന്റെ പ്രവർത്തനം പൂർണമായും പ്രവാസികൾക്ക് നൽകുന്ന സ്ഥാപന ഉടമയുടെ സമ്മതവും രഹസ്യ വ്യാപാരത്തിൽ ഉൾപ്പെടുന്ന കുറ്റമാണ്.
ബിനാമി ഇടപാടുകൾ ശ്രദ്ധയിൽ പെട്ടാൽ 80000070 എന്ന നമ്പറിൽ വിവരം അറിയിക്കണമെന്ന് മന്ത്രാലയം ജനങ്ങളോട് നിർദ്ദേശിച്ചു.