ഒരു റിയാലിന്റെ വെള്ളി നാണയം പുറത്തിറക്കി ഒമാൻ

മസ്‌കത്ത്: ഒമാനിൽ ഒരു റിയാലിന്റെ വെള്ളി നാണയം പുറത്തിറക്കി. ഒമാൻ സെൻട്രൽ ബാങ്ക് ആണ് നാണയം പുറത്തിറക്കിയത്. ഒമാൻ ആതിഥേയത്വം വഹിക്കുന്ന ഇന്റർനാഷനൽ ഫോറം ഓഫ് സോവറിൻ വെൽത്ത് ഫണ്ട്സ് 2024ന്റെ സ്മാരകമായാണ് നാണയം പുറത്തിറക്കിയതെന്ന് അധികൃതർ അറിയിച്ചു.

ഈ മാസം 17 മുതൽ ഉപഭോക്താക്കൾക്ക് വെള്ളി നാണയം ലഭ്യമാകും. 28.28 ഗ്രാം ഭാരമുള്ള 1,600 നാണയങ്ങളാണ് ആകെ പുറത്തിറക്കിയിരിക്കുന്നത്. സെൻട്രൽ ബാങ്ക് ഓഫ് ഒമാനിൽ നിന്നും ഒമാൻ പോസ്റ്റ് സെയിൽസ് വിൻഡോ വഴിയും ഒപ്പേറ ഗാലറിയിൽ നിന്നും നാണയം സ്വന്തമാക്കാം.

50 റിയാൽ ആണ് ഒരു നാണയത്തിന്റെ നിലവിലെ നിരക്ക്. അതേസമയം, ആഗോള വിപണിയിലെ വെള്ളിയുടെ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടത്തിന് അനുസൃതമായി നിരക്കിൽ നേരിയ വ്യത്യാസങ്ങളും ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.