ഒമാനിൽ 2,500 റിയാലിന് മുകളിൽ പ്രതിമാസ ശമ്പളം വാങ്ങുന്ന വ്യക്തികൾക്ക് ആദായനികുതി ബാധകം

മസ്‌കത്ത്: ഒമാനിൽ 2,500 റിയാലിന് മുകളിൽ (പ്രതിവർഷം 30,000 റിയാലിൽ കൂടുതൽ വരുമാനം) പ്രതിമാസ ശമ്പളം വാങ്ങുന്ന വ്യക്തികൾക്ക് ആദായനികുതി ബാധകമാകും. ശൂറയിലെ ഇക്കണോമിക് ആൻഡ് ഫിനാൻഷ്യൽ കമ്മിറ്റി ചെയർമാൻ അഹമ്മദ് അൽ ഷർഖി. ആദായനികുതി സംബന്ധിച്ച കരട് നിയമത്തിലെ 29 ലധികം ആർട്ടിക്കിളുകൾ ഭേദഗതി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

2,500 റിയാലിന് താഴെ ശമ്പളമുള്ളവരെ നികുതിയിൽ നിന്ന് ഒഴിവാക്കും. ഉയർന്ന വരുമാനമുള്ളവർക്ക് വ്യക്തിഗത ആദായനികുതി സ്വീകരിക്കുന്നതിനുള്ള അവസാന നിയമനിർമാണ ഘട്ടത്തിലാണ് ഒമാൻ. ജൂൺ അവസാനത്തോടെ വ്യക്തിഗത ആദായനികുതി നിയമത്തിന്റെ കരട് കൗൺസിൽ ഓഫ് സ്റ്റേറ്റിന് ശൂറ കൗൺസിൽ സമർപ്പിച്ചിരുന്നു.

വ്യക്തിഗത ആദായനികുതി സംബന്ധിച്ച കരട് നിയമത്തിലെ 29 ലധികം ആർട്ടിക്കിളുകൾ തങ്ങൾ ഭേദഗതി ചെയ്തിട്ടുണ്ട്. നിയമത്തിന്റെ സ്വാധീനത്തെയും സാമ്പത്തിക സാഹചര്യത്തെയും കുറിച്ച് സമഗ്ര പഠനം അധികൃതർ നടത്തി.