മസ്‌കത്ത്: ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് സർവകാല റെക്കോർഡിൽ. ഒരു റിയാലിന് 218.75 ഇന്ത്യൻ രൂപയാണ്. വിനിമയ സ്ഥാപനങ്ങൾ കഴിഞ്ഞ ദിവസം നൽകുന്നത്. അമേരിക്കയിൽ ട്രംപ് അധികാരത്തിൽ വരാൻ പോവുന്നതാണ് വിനിമയ നിരക്ക് വർധിക്കാനുള്ള ഇപ്പോഴത്തെ പ്രധാന കാരണമെന്നാണ് വിലയിരുത്തുന്നത്.
ട്രംപ് അധികാരത്തിൽ വരുന്നതോടെ പലിശ നിരക്ക് വർധിക്കുന്നതടക്കമുള്ള പ്രതീക്ഷകൾ ഡോളർ ശക്തമാവാൻ കാരണമാക്കിയിട്ടുണ്ട്. ഒരു റിയാലിന് 218. 75 രൂപയാണ് ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ കഴിഞ്ഞ ദിവസം നൽകിയത്. വിനിമയ നിരക്കിന്റെ അന്താരാഷ്ട്ര പോർട്ടലായ എക്സ് ഇയിൽ ഒരു റിയാലിന് 219.11 രൂപ എന്ന നിരക്കും കാണിക്കുന്നുണ്ട്. ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് വിനിമയ നിരക്ക് വർധിക്കാൻ കാരണം.
ഡോളർ ശക്തി പ്രാപിച്ചതോടെ എല്ലാ ഏഷ്യൻ രാജ്യങ്ങളുടെയും മൂല്യം ഇടിഞ്ഞിട്ടുണ്ട്. എഷ്യൻ രാജ്യങ്ങളുടെ കറൻസിയിൽ 1.2 ശതമാനം തകർച്ചയാണുണ്ടായത്.