പാർക്കുകളിലും മരങ്ങളുടെ ചുവട്ടിലും തീയി ടരുത്; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി മസ്കത്ത് മുൻസിപ്പാലിറ്റി

മസ്‌കത്ത്: പാർക്കുകളിലും മരങ്ങളുടെ ചുവട്ടിലും തീയിടരുതെന്ന് മുന്നറിയിപ്പ് നൽകി മസ്‌കത്ത് മുൻസിപ്പാലിറ്റി. ഇത്തരം പ്രവർത്തനങ്ങൾ പ്രകൃതിക്ക് ദോഷം വരുത്തുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പൊതുജനാരോഗ്യത്തിനും ഇത്തരം പ്രവർത്തനങ്ങൾ ഗുരുതരമായ അപകടം ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

ഭാവി തലമുറയ്ക്കായി ഒമാനിലെ പ്രകൃതിദത്ത ഇടങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അധികൃതർ ഉയർത്തിക്കാട്ടി. ഹരിത പ്രദേശങ്ങളിൽ തീയിടുന്നത് പ്രകൃതി ദൃശ്യങ്ങളെ വികലമാക്കുകയും സുപ്രധാന സസ്യങ്ങളെ നശിപ്പിക്കുകയും ചെയ്യും. ബാർബിക്യു പോലുള്ള പ്രവർത്തനങ്ങളിൽ നിന്നുള്ള പുകയും ദുർഗന്ധവും പരക്കുന്നത് പൊതുജനാരോഗ്യത്തെ ദോഷകരമായി ബാധിക്കാൻ ഇടയുണ്ട്. പൊതു ഇടങ്ങളുടെ ഭംഗി നിലനിർത്തുന്നതിനും എല്ലാ താമസക്കാർക്കും സന്ദർശകർക്കും അവ സുരക്ഷിതവും ആസ്വാദ്യകരവും ആണെന്ന് ഉറപ്പാക്കുന്നതിനും ഉള്ള വിപുലമായ ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

അതിനാൽ തന്നെ പാർക്കുകളിലും മരങ്ങളുടെ ചുവട്ടിലും തീയിടുന്നതിൽ നിന്നും ജനങ്ങൾ വിട്ടു നിൽക്കണമെന്ന് മസ്‌കത്ത് മുൻസിപ്പാലിറ്റി ആവശ്യപ്പെട്ടു.