മസ്‌കത്ത്: ഒമാന്റെ 54-ാമത് ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കമായി. മസ്‌കത്തിൽ വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. ആഘോഷത്തോടനുബന്ധിച്ച് മസ്‌കറ്റിലെ റോയൽ ഓപ്പറ ഹൗസിൽ സൈനിക സംഗീത നിശ സംഘടിപ്പിച്ചു. ഒമാൻ സാംസ്‌കാരിക, കായിക, യുവജന വകുപ്പ് മന്ത്രി സയ്യിദ് തിയാസിൻ ബിൻ ഹൈതം അൽ സെയ്ദ് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
ഒമാനി സൈനിക സംഗീത ബാൻഡുകളും നിരവധി അന്താരാഷ്ട്ര ബാൻഡുകളും സംഗീത നിശയിൽ കലാ പരിപാടികൾ അവതരിപ്പിച്ചു. റോയൽ ഗാർഡ് ഓഫ് ഒമാൻ, റോയൽ ആർമി ഓഫ് ഒമാൻ, റോയൽ എയർഫോഴ്സ് ഓഫ് ഒമാൻ, റോയൽ നേവി ഓഫ് ഒമാൻ, റോയൽ ഒമാൻ പോലീസ്, റോയൽ കാവൽറി, റോയൽ ക്യാമൽ കോർപ്‌സ്, സ്‌കൗട്ട് ബാൻഡ്, ഒമാൻ റോയൽ ആർമിയുടെ ഇൻഫൻട്രി ടീം തുടങ്ങിയ വിഭാഗങ്ങളുടെ ബാൻഡുകൾ സംഗീത പരിപാടിയിൽ പങ്കെടുത്തിരുന്നു.
മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സംഗീത നിശയാണ് സംഘടിപ്പിച്ചിരിക്കുന്നത്. നിരവധി അന്താരാഷ്ട്ര ബാൻഡുകൾ ഈ സംഗീത നിശയിൽ പങ്കെടുക്കും.