ഓൺലൈൻ വഴിയുള്ള വ്യാപാരം; ദേശീയ ചിഹ്നങ്ങളും രാജകീയ മുദ്രകളും ഉപയോഗിക്കുന്നതിന് അനുമതി വേണമെന്ന് ഒമാൻ

മസ്‌കത്ത്: ഓൺലൈൻ വഴിയുള്ള വിൽപനകൾക്ക് പുതിയ നിർദ്ദേസവുമായി ഒമാൻ. ഒമാനിൽ ഓൺലൈൻ വഴി വ്യാപാരം നടത്തുന്ന വസ്തുക്കളിലും ദേശീയ ചിഹ്നങ്ങളും രാജകീയ മുദ്രകളും ഉപയോഗിക്കുന്നതിന് അനുമതി വേണം. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ചില ഓൺലൈൻ സ്റ്റോറുകളും വെബ്സൈറ്റുകളും സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകളും ലൈസൻസ് ഇല്ലാതെ ദേശീയ ചിഹ്നങ്ങളും രാജകീയ മുദ്രകളും ഉപയോഗിച്ചുള്ള ഉൽപന്നങ്ങൾ പ്രചരിപ്പിക്കുകയും വിൽപന നടത്തുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് മന്ത്രാലയം ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

രാജകീയ മുദ്രകൾ അനുമതി ഇല്ലാതെ ഉപയോഗിച്ചാൽ നടപടി സ്വീകരിക്കുമെന്നാണ് മന്ത്രാലയം അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങൾ, വാണിജ്യ കമ്പനികൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, വിവിധ വാണിജ്യ ഉൽപന്നങ്ങൾ എന്നിവയിൽ ലൈസൻസ് ഇല്ലാതെ രാജകീയ മുദ്രകൾ ഉപയോഗിക്കുന്നത് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.

ഇവ ഉപയോഗിക്കുന്നതിന് ലൈസൻസ് നേടണമെന്ന് മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിൽ അപേക്ഷിച്ച് ലൈസൻസ് നേടാനാകും. അനുമതിയില്ലാതെ രാജ്യത്തിന്റെ പതാകയും ഭൂപടവും ഉപയോഗിച്ചാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.