മസ്‌കത്ത്: വാണിജ്യ ഉൽപ്പന്നങ്ങളിൽ ദേശീയ ചിഹ്നങ്ങളും ചിത്രങ്ങളും അനധികൃതമായി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ. വാണിജ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. സാധുവായ ലൈസൻസില്ലാതെ ഉൽപന്നങ്ങൾ വിൽക്കുന്നുണ്ടോ എന്ന് കണ്ടെത്താനായി രാജ്യത്ത് പരിശോധന കർശനമാക്കി. ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നത്.
സ്വകാര്യ സ്ഥാപനങ്ങൾ, വാണിജ്യ കമ്പനികൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, വിവിധ വാണിജ്യ ഉത്പന്നങ്ങൾ എന്നിവയിൽ ലൈസൻസ് ഇല്ലാതെ രാജകീയ മുദ്രകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇവ ഉപയോഗിക്കുന്നതിന് ലൈസൻസ് നേടണമെന്ന് മന്ത്രാലയം നിർദ്ദേശം നൽകി. മന്ത്രാലയത്തിൽ അപേക്ഷ നൽകി ലൈസൻസ് നേടാനാകും.
ആവശ്യമായ പെർമിറ്റുകളില്ലാതെ ദേശീയ ചിഹ്നങ്ങൾ ഉൾക്കൊള്ളുന്ന ഉൽപ്പന്നങ്ങൾ വെബ്‌സൈറ്റുകളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രവർത്തിക്കുന്ന ചില ഓൺലൈൻ സ്റ്റോറുകൾ പ്രമോട്ട് ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്. അംഗീകൃത ദേശീയ ചിഹ്നങ്ങൾ ഉപയോഗിക്കുന്നതിന് ആവശ്യമായ അംഗീകാരം നേടേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം ചൂണ്ടിക്കാട്ടി.