മനാമ: ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ.അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഒമാൻ സന്ദർശനത്തിനെത്തി. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. അൽ ബർക്ക പാലസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനെ കുറിച്ചും പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു. പ്രാദേശിക സംഭവവികാസങ്ങൾ, അന്തർദേശീയ വിഷയങ്ങൾ തുടങ്ങിയവയും ചർച്ചാ വിഷയമായി.
വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, ബഹ്‌റൈൻ കാബിനറ്റ്കാര്യ മന്ത്രി ഫൈസൽ അൽ മാൽകി, ബഹ്‌റൈൻ അംബാസിഡർ ഡോ.ജുമാ ബിൻ അഹമ്മദ് അൽ കാബി എന്നിവർ യോഗത്തിൽ പങ്കെടുത്തു.