റോക്കറ്റ് പരീക്ഷണ വിക്ഷേപണം; ഡിസംബർ നാലിന് ദുകം മറൈൻ മേഖലയ്ക്ക് നിയന്ത്രണമേർപ്പെടുത്തും

മസ്‌കത്ത്: ഡിസംബർ നാലിന് ദുകം മറൈൻ മേഖലയ്ക്ക് നിയന്ത്രണമേർപ്പെടുത്തുമെന്ന് ഒമാൻ. ഗതാഗതം, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. റോക്കറ്റ് പരീക്ഷണ വിക്ഷേപണം നടത്തുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.

നാഷണൽ സർവീസസ് കമ്പനിയുടെ അനുബന്ധസ്ഥാപനമായ ലോഞ്ച് കമ്പനിയുടെ പങ്കാളിത്തത്തോടെ രാവിലെ 5 മണി മുതൽ ഉച്ചയ്ക്ക് 2 വരെ ഷെഡ്യൂൾ ചെയ്ത സമയത്തിലായിരിക്കും വിക്ഷേപണം നടക്കുന്നത്. ഈ സമയത്ത് നിയുക്ത പ്രദേശങ്ങളിൽ നിന്ന് മാറിനിൽക്കണമെന്ന് മത്സ്യത്തൊഴിലാളികളോടും കടലിൽ പോകുന്നവരോടും അഭ്യർത്ഥിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നിർദേശം.

പ്രാദേശിക നിയമങ്ങൾക്കും ചട്ടങ്ങൾക്കും അന്തർദേശീയ സുരക്ഷാ മാനദണ്ഡങ്ങൾക്കും അനുസൃതമായി ബഹിരാകാശ മേഖലയിൽ തങ്ങളുടെ കഴിവുകൾ വർധിപ്പിക്കാനുള്ള ഒമാന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പരീക്ഷണ വിക്ഷേപണം. എല്ലാവരുടെയും സുരക്ഷിതത്വം ഉറപ്പാക്കാനും അപകടസാധ്യതകൾ ഒഴിവാക്കാനും പുറപ്പെടുവിച്ച മാർഗ്ഗനിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

ദുക്മിലെ ഇത്തലാഖ് സ്‌പെയ്‌സ് ലോഞ്ച് കോംപ്ലക്‌സിൽ നിന്നാണ് റോക്കറ്റ് വിക്ഷേപണം നടക്കുക. ഒമാൻ സ്വകാര്യ ബഹിരാകാശ സംരക്ഷണങ്ങൾക്ക് കുതിപ്പേകുന്ന നാഷണൽ എയറോസ് സർവീസസ് കമ്പനിയാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.