ഒമാന്റെ ആദ്യ റോക്കറ്റ് ‘ദുകം-1’ പരീക്ഷണ വിക്ഷേപണം ഇന്ന്. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. ദുകം ഇത്തലാക്ക് സ്പേസ് ലോഞ്ച് കോംപ്ലക്സിൽ നിന്നാണ് വിക്ഷേപണം നടക്കുക. രാവിലെ അഞ്ച് മുതൽ ഉച്ച രണ്ടുവരെയാണ് വിക്ഷേപണം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. പദ്ധതി നാഷനൽ സ്പേസ് സർവിസസ് കമ്പനിയുടെ കീഴിലാണ് നടക്കുന്നത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ലോഞ്ചിങ്ങിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല.
123 കിലോഗ്രാം ഭാരമുള്ള റോക്കറ്റിന് 6.5 മീറ്റർ ഉയരമുണ്ട്. സെക്കൻഡിൽ 1,530 മീറ്റർ വേഗത്തിൽ ഉയരും. 2025ൽ മൂന്ന് വിക്ഷേപണങ്ങൾ കൂടി ഒമാൻ ആസൂത്രണം ചെയ്യുന്നുണ്ട്. ബഹിരാകാശ പ്രവർത്തനത്തിൽ ഒമാന്റെ ഭൂമിശാസ്ത്രപരമായ നേട്ടങ്ങൾ പ്രയോജനപ്പെടുത്തുക, ബഹിരാകാശ സാങ്കേതിക വിദ്യകൾ പ്രാദേശികവത്കരിക്കുക, നിക്ഷേപം ആകർഷിക്കുക, സ്വകാര്യമേഖലാ പങ്കാളിത്തം വളർത്തുക തുടങ്ങിയവയും പദ്ധതിയുടെ മറ്റു ലക്ഷ്യങ്ങളാണ്. പൂർണവും പ്രവർത്തനക്ഷമമായ ബഹിരാകാശ പോർട്ട് സ്ഥാപിക്കുന്നതിൻറെ പ്രാരംഭ ഘട്ടം കൂടിയാണ് ഈ പദ്ധതിയെന്ന് ഗതാഗത, വാർത്തവിനിമയ, വിവര സാങ്കേതിക മന്ത്രി സഈദ് ബിൻ ഹമൂദ് അൽ മവാലി പറഞ്ഞു.