തൊഴിൽ നിയമലംഘനം; ഒമാനിൽ കഴിഞ്ഞ മാസം അറസ്റ്റിലായത് 1,551 പ്രവാസികൾ

മസ്‌കത്ത്: ഒമാനിൽ കഴിഞ്ഞ മാസം അറസ്റ്റിലായത് 1,551 പ്രവാസികൾ. തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ടാണ് മസ്‌കത്ത് ഗവർണറേറ്റിൽ പ്രവാസികൾ അറസ്റ്റിലായത്. തൊഴിൽ മന്ത്രാലയം ലേബർ ഡയറക്ടറേറ്റ് ജോയിന്റ് ഇൻസ്പെക്ഷൻ ടീം സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവീസസിന്റെ ഇൻസ്പെക്ഷൻ യൂണിറ്റുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് നിയമലംഘകർ പിടിയിലായത്.

ജോലി ഉപേക്ഷിച്ചവരും താമസ കാലാവധി അവസാനിച്ചവരുമായ 1,270 പേർ അറസ്റ്റിലായിട്ടുണ്ട്. തൊഴിലുടമകളല്ലാത്തവർക്കായി ജോലി ചെയ്ത 69 പേർ, ആവശ്യമായ ലൈസൻസുകളില്ലാതെ നിയന്ത്രിത തൊഴിലുകളിൽ ഏർപ്പെട്ടിരുന്ന 148 തൊഴിലാളികൾ, സ്വന്തം നിലയിൽ ജോലി ചെയ്ത 64 പേർ എന്നിവരും അറസ്റ്റിലായിട്ടുണ്ട്. 518 തൊഴിൽ ലംഘന കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

ഒമാനിൽ തൊഴിൽ നിയമലംഘകരെ കണ്ടെത്തുന്നതിന് പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. സേഫ്റ്റി ആൻഡ് സെക്യൂരിറ്റി സർവീസസുമായി സഹകരിച്ചാണ് തൊഴിൽ മന്ത്രാലയത്തിന്റെ പരിശോധന.