ലോകത്തിന്റെ ഏത് കോണിൽ നിന്നും ഒമാന്റെ പ്രകൃതിഭംഗി കാണാം; വെർച്വൽ ടൂർ പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമായി

മസ്‌കത്ത്: വെർച്വൽ ടൂർ പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കം കുറിച്ച് ഒമാൻ. ലോകത്തിന്റെ ഏത് കോണിൽ നിന്നും ഒമാന്റെ പ്രകൃതിഭംഗി കാണാൻ സാധിക്കുന്ന വെർച്വൽ ടൂർ പദ്ധതിയുടെ ആദ്യഘട്ടത്തിനാണ് തുടക്കം ആയിരിക്കുന്നത്. ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം നാഷണൽ സർവ്വേ അതോറിറ്റിയുമായി ചേർന്ന് ഗൂഗിളിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്രതിരോധ മന്ത്രാലയ സെക്രട്ടറി ജനറൽ ഡോക്ടർ മുഹമ്മദ് ബിൻ നാസർ അൽ സാബിയുടെ കാർമികത്വത്തിലാണ് പദ്ധതിയുടെ ഔദ്യോഗിക ലോഞ്ചിംഗ് നടന്നത്.

ഒമാനിലെ പ്രകൃതിദൃശ്യങ്ങളും ചരിത്രപരമായ ലാൻഡ്മാർക്കുകളും ആധുനിക ഇൻഫ്രാസ്ട്രക്ച്ചറുകളും പര്യവേഷണം ചെയ്യാൻ ലോകമെമ്പാടുമുള്ള ഉപഭോക്താക്കളെ പ്രാപ്തമാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. യുനെസ്‌കോ പട്ടികയിൽ ഉൾപ്പെട്ട ഒമാനിലെ ലോക പൈതൃക സ്ഥലങ്ങൾ ഉൾപ്പെടെ നിരവധി സ്ഥലങ്ങളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

36000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രദേശത്തുനിന്ന് വെർച്വൽ ട്രക്കറുകൾ ഉപയോഗിച്ചാണ് ചിത്രങ്ങൾ പകർത്തിയത്. പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ കൂടുതൽ സ്ഥലങ്ങളും ലാൻഡ്മാർക്ക് ഉൾപ്പെടുത്തുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. 2025 ആകുമ്പോഴേക്കും പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിൽ ഒമാന്റെ പ്രാധാന്യം ലോകമെമ്പാടുമുയർത്തിക്കാട്ടുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.