മസ്‌കത്ത്: രാജ്യത്ത് സ്വകാര്യ മേഖല സ്ഥാപനങ്ങൾക്കിടയിൽ പ്രവാസി തൊഴിലാളികളെ വ്യവസ്ഥകളോടെ കൈമാറാമെന്ന് ഒമാൻ. ഉപാധികൾ പാലിക്കുന്ന സ്ഥാപനങ്ങൾക്കാണ് തൊഴിലാളികളെ പരസ്പരം താത്കാലികമായി കൈമാറാൻ കഴിയുന്നത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ തീരുമാനം പ്രാബല്യത്തിൽ വരും. രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തൊഴിൽ മന്ത്രിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിയിരിക്കുന്നത്.
ഇതിലെ പ്രധാന വ്യവസ്ഥ തൊഴിലാളിയെ ഒമാനൈസ് ചെയ്ത തൊഴിലിലേക്ക് മാറ്റരുത് എന്നതാണ്. തൊഴിലാളിയുടെ നിലവിലെ ജോലിയുടെ സ്വഭാവവുമായി പൊരുത്തപ്പെടുകയും വേണം ഈ നീക്കത്തിന് തൊഴിലാളിയുടെ സമ്മതവും വേണം. തൊഴിൽ മാറ്റം ലഭിച്ച സ്ഥലത്ത് കുറഞ്ഞത് ആറ് മാസമെങ്കിലും ജോലി ചെയ്തിരിക്കണം. ആറ് മാസത്തെ വിസാ കാലാവധിയുള്ള തൊഴിലാളിയെ മാത്രമെ കൈമാറാൻ കഴിയൂ. രണ്ട് സ്ഥാപനങ്ങളുടെയും സേവനങ്ങൾ മന്ത്രാലയം നിർത്തിവെച്ചതാകരുതെന്നും നിർദ്ദേശമുണ്ട്. വർഷത്തിൽ ആറ് മാസക്കാലം മാത്രമേ ഇത്തരത്തിൽ താത്കാലിക കൈമാറ്റം പാടുള്ളൂവെന്നാണ് മറ്റൊരു വ്യവസ്ഥ.
ഒരു കമ്പനിയുടെ ആകെ തൊഴിലാളികളിൽ 50 ശതമാനത്തിൽ അധികം ജീവനക്കാരെ ഒരേസമയം കൈമാറരുത്. മാറ്റപ്പെടുന്ന കമ്പനികളിലും രജിസ്റ്റർ ചെയ്ത തൊഴിലാളികളെക്കാൾ 50 ശതമാനത്തിൽ കൂടുതൽ ജീവനക്കാരെ സ്വീകരിക്കാനും പാടില്ല. തൊഴിൽ, മാറ്റ കാലയളവിൽ തൊഴിലാളിക്ക് നിശ്ചയിച്ചിട്ടുള്ള മുഴുവൻ അവകാശങ്ങളും കടമകളും പുതിയ സ്ഥപനവും ഉറപ്പാക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.