ഇബ്രാ പ്രവാസി സമൂഹത്തിന്റെ ചിരകാല അഭിലാഷം: ‘കലാസംഘം’ പൂവണിഞ്ഞു

ജാതി മത രാഷ്ട്രീയ മുഖം ഇല്ലാതെ കലയ്ക്ക് മാത്രമായി ഒരു ഇടം എന്നതാണ് പൊലിക എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന കലാസഘം ലക്ഷ്യം ഇടുന്നത്. “പൊലിക” കലാസംഘത്തിന്റെ ഉദ്ഘാടനം ഷർക്കിയ സാൻസ് ഹോട്ടലിൽ വെച്ച് 20/12/2024 വെള്ളിയാഴ്ച്ച വൈകിട്ട് 7 മണിക്ക് നിർവഹിക്കപ്പെട്ടു.

മലയാളത്തിന്റെ പ്രിയ കവി ശ്രീ:മുരുകൻ കാട്ടാക്കട പൊലിക കലാസംഘത്തിന്റെ ഉദ്ഘാടന കർമ്മം ഓൺലൈൻ വഴി നിർവഹിക്കുകയും ഇന്ത്യൻ സ്കൂൾ അധ്യാപികയും നിർത്തകിയുമായ കലാമണ്ഡലം രാജി ഷിബു ലോഗോ പ്രകാശനം ചെയ്യുകയും ചെയ്തു.

ഇന്ത്യൻ സ്കൂൾ എസ്.എം.സി മെമ്പർ ഷിബു ശിവദാസ്, സിനിമാതാരം ഇർഷാദ് എന്നിവർ ആശംസകൾ നേർന്നു. പൊലിക കലാ സംഘത്തിന്റെ തീം സോങ് വേദിയിൽ പ്രദർശിപ്പിക്കുകയുണ്ടായി. മനോഹരമായ വരികൾ എഴുതിയത് കലാസംഘത്തിന്റെ രക്ഷാധികാരിയും കവിയും ഗായകനും എഴുത്തുകാരനും കൂടിയായ Dr.ഗിരീഷ് ഉദിനൂക്കാരനാണ്, വരികൾക്ക് ഈണം പകർന്നത് കലാഭവൻ ഷിബു പുനത്തിൽ, പാടിയത് അഞ്ജന സാഗർ.

കലാസംഘത്തിന്റെ ഉദ്ഘാടന വേദിയിൽ കലാമണ്ഡലം രാജി ഷിബു , കലാഭവൻ ഷിബു പുനത്തിൽ ,അനുഷ അരുൺ എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച കലാപരിപാടികൾ മികച്ച ശ്രദ്ധ നേടി.

ഇബ്രയിലേയും പരിസരപ്രദേശങ്ങളിലെയും കലാസ്നേഹികളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് കലാകാരമാരുടെ/കലാകാരികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കുകയും, അവർക്കു മികച്ച വേദികൾ കണ്ടെത്തി അവസരങ്ങൾ ഒരുക്കി കൊടുക്കുക എന്നത് പ്രഥമ പരിഗണന ആണെന്നും , “പൊലിക” കലാസംഘത്തെ ഒമാനിലെ തന്നെ മികച്ച കാലസംഘങ്ങളിൽ ഒന്നാക്കി മാറ്റിഎടുക്കുക പ്രധാന ലക്‌ഷ്യമാണന്നും സ്വാഗത പ്രസംഗത്തിൽ അജിത്ത് പുന്നക്കാട് വിശദീകരിച്ചു. തുടർന്ന് കലാ സംഘത്തിന്റെ ഭാവി പ്രവർത്തനങ്ങളെ സംബന്ധിച്ച് കലാസംഘം രക്ഷാധികാരി Dr.ഗിരീഷ് ഉദിനൂക്കാരൻ സംസാരിച്ചു.

Dr.ഗിരീഷ് ഉദിനൂക്കാരൻ, പ്രഭാത്, ശിവദാസ്, പ്രകാശ്, അജിത് പുന്നക്കാട്, ഷിബു പുനത്തിൽ, താജുദ്ധീൻ, ബിജു, ജിജോ, പ്രിൻസ്, അനുഷ അരുൺ, അനിഷ്‌മ ദിലീഷ്, ദിവ്യ ജിത്തു, റഷീദ് എന്നിവരാണ് കോർഡിനേഷൻ കമ്മിറ്റി അംഗങ്ങൾ.