മസ്കത്ത്: മസ്‌കത്തിലെ പ്രധാന ആകർഷണ കേന്ദ്രമായ സുൽത്താൻ ഖാബൂസ് ഗ്രാന്റ് മസ്ജിദ് സന്ദർശിക്കുന്നതിന് ഇനി മുതൽ ഫീസ് നൽകണം. സന്ദർശക അനുഭവവും മാനേജ്മെന്റും മെച്ചപ്പെടുത്തുന്നതിൻറെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. സുൽത്താൻ ഖാബൂസ് ഹയർ സെന്റർ ഫോർ കൾച്ചർ ആൻഡ് സയൻസ് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, അഞ്ച് നേരത്തെ പ്രാർത്ഥനകൾക്കായി സൗജന്യ പ്രവേശനം അനുവദിക്കും. ഫീസ് ഏർപ്പെടുത്തിയത് സംബന്ധിച്ച ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ ഉയർന്ന സാഹചര്യത്തിലാണ് അധികൃതർ ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്.
സീസണുകളിൽ വിനോദ സഞ്ചാരികളുടെ എണ്ണം വർധിക്കുന്നതിനാൽ ഈ നീക്കം അനിവാര്യമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. മസ്ജിദിന്റെ സാംസ്‌കാരികവും ചരിത്രപരവുമായ സമഗ്രത കാത്തുസൂക്ഷിച്ച് വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി അധികൃതർ സ്വകാര്യ മേഖലയുമായി കൈകോർത്തതായും സുൽത്താൻ ഖാബൂസ് ഹയർ സെൻറർ ഫോർ കൾച്ചർ ആൻഡ് സയൻസ് വിഭാഗം കൂട്ടിച്ചേർത്തു.