
മസ്‌കത്ത്: മസ്‌കത്ത് നൈറ്റ്സ് ഫെസ്റ്റിവൽ ഫെബ്രുവരി ഒന്ന് വരെ തുടരാൻ തീരുമാനം. പൊതുജനങ്ങളുടെയും സംരംഭകരുടെയും സംഘാടകരുടെയും ആവശ്യം പരിഗണിച്ചാണ് മസ്‌കത്ത് നൈറ്റ്സ് ഫെസ്റ്റിവൽ നീട്ടിയത്. മസ്‌കത്ത് നഗരസഭ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ ജനുവരി 23 വരെയാണ് തീയതി നിശ്ചയിച്ചിരുന്നത്. ഡിസംബർ 23 മുതലാണ് മസ്‌കത്ത് നൈറ്റ്സ് ഫെസ്റ്റിവൽ ആരംഭിച്ചത്. ഏഴ് വേദികളിലായി അരങ്ങേറുന്ന ഫെസ്റ്റിവലിൽ ജനുവരി ഏഴ് വരെ അഞ്ച് ലക്ഷത്തിൽ പരം സന്ദർശകരാണ് എത്തിയതെന്ന് അധികൃതർ വ്യക്തമാക്കുന്നു. ആയിരക്കണക്കിന് ആളുകളാണ് മസ്‌കത്ത് നൈറ്റ് കാണാനായി ഓരോ ദിവസവും എത്തുന്നത്. ഖുറം നാച്ചുറൽ പാർക്കിൽ നടക്കുന്ന പുഷ്‌പോത്സവമാണ് മസ്‌കത്ത് നൈറ്റ്‌സിന്റെ ഏറ്റവും പ്രധാന ആകർഷണങ്ങളിലൊന്ന്. പുഷ്പ നഗരി രൂപകൽപ്പന ചെയ്തിരിക്കുന്നത് സിംഗപ്പൂർ, തായ്‌ലൻഡ്, ചൈന, യുഎസ്എ എന്നിവിടങ്ങളിൽ നിന്നുള്ള ഒരു രാജ്യന്തര ടീമാണ്. ഫ്രാൻസ്, നെതർലൻഡ്‌സ്, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള രാജ്യന്തര പ്രശസ്തരായ ഫ്‌ളോറൽ ഡിസൈനർമാരുടെ കലാരൂപങ്ങളും മേളയിലുണ്ട്.
പത്തു ലക്ഷത്തിലധികം പൂക്കളാണ് ഫ്ളവർ ഫെസ്റ്റിവലിലുള്ളത്. ഭരണാധികാരികളുടെ പേരുകളുള്ള റോസാപ്പൂക്കളാണ് ഫ്ളവർ ഫെസ്റ്റിവലിലെ മറ്റൊരു പ്രധാന ആകർഷണം. വിട പറഞ്ഞ സുൽത്താൻ ഖാബൂസിന്റെയും, സുൽത്താൻ ഹൈതം ബിൻ താരിഖ്, സുൽത്താന്റെ ഭാര്യ അസ്സയ്യിദ അഹദ് അബ്ദുല്ല ഹമദ് അൽ ബുസൈദി എന്നിവരുടെയും പേരിലുള്ള റോസാപ്പൂക്കൾ ഇവിടെയുണ്ട്.