ഒമാന്റെ ഏറ്റവും വിശ്വസ്ത ബ്രാൻഡ്; ഏഴാം തവണയും അവാർഡ് സ്വന്തമാക്കി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്

മസ്‌കത്ത്: ഏഴാം തവണയും ഒമാന്റെ ഏറ്റവും വിശ്വസ്ത ബ്രാൻഡായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്. ജ്വല്ലറി കാറ്റഗറിയിൽ ഒമാന്റെ മോസ്റ്റ് ട്രസ്റ്റഡ് ബ്രാൻഡ് അവാർഡാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് നേടിയത്. നിലവിൽ 13 രാജ്യങ്ങളിലായി 375-ലധികം ഷോറൂമുകളുള്ള ജ്വല്ലറിയാണിത്. ആഗോളതലത്തിൽ ആറാമത്തെ വലിയ ജ്വല്ലറി റീട്ടെയിലർ കൂടിയാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്.

ഇത് ഏഴാം തവണയാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഒമാന്റെ ഏറ്റവും വിശ്വസനീയമായ ബ്രാൻഡായി മാറുന്നത്. ഒമാൻ പ്രൊമോഷണൽ ഐഡന്റിറ്റി ടെക്നിക്കൽ ടീം അംഗം ഹിസ് ഹൈനസ് സയ്യിദ് ഡോ. ഫാരിസ് ബിൻ തുർക്കി അൽ സെയ്ദ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഒമാൻ റീജിയണൽ ഹെഡ് നജീബ് കെയ്ക്ക് പുരസ്‌കാരം സമ്മാനിച്ചു. ബ്രാഞ്ച് ഹെഡ് മുഹ്സിൻ പി, ഡെപ്യൂട്ടി ഹെഡ് ഷെരീഫ് പടിഞ്ചാരത്ത്, അപെക്‌സ് മീഡിയ എക്‌സിക്യുട്ടീവ് ചെയർമാൻ സാലിഹ് സക്‌വാനി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു അവാർഡ് സമ്മാനിച്ചത്.

ഒമാനിലെ പ്രീമിയർ പബ്ലിഷിംഗ് ഹൗസുകളിലൊന്നായ അപെക്സ് മീഡിയയാണ് അവാർഡ് ഏർപ്പെടുത്തിയത്. ഈ അവാർഡ് ലഭിച്ചതിൽ വളരെ സന്തോഷവും അഭിമാനവുമുണ്ടെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് റീജിയണൽ ഹെഡ് നജീബ് അറിയിച്ചു. നിലവിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന് ഒമാനിൽ 12 ഔട്ട്‌ലെറ്റുകളുണ്ട്.