റമദാൻ; ഒമാനിലെ തൊഴിലാളികൾക്കും തൊഴിലുടമകൾക്കുമുള്ള മാർഗനിർദേശങ്ങൾ

മസ്‌കത്ത്: റമദാൻ മാസത്തിൽ രാജ്യത്തെ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും മാർഗനിർദേശങ്ങളുമായി ഒമാൻ തൊഴിൽ മന്ത്രാലയം. റമദാൻ മാസത്തിൽ തൊഴിലാളികളുടെ തൊഴിൽ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കണമെന്ന് തൊഴിൽ മന്ത്രാലയം കമ്പനികളോട് ആവശ്യപ്പെട്ടു. കമ്പനികൾ ജീവനക്കാരുടെ ക്ഷീണം നിരീക്ഷിക്കുകയും അത് കുറയ്ക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും വേണമെന്നാണ് നിർദ്ദേശം.

തൊഴിൽ അന്തരീക്ഷത്തിലെ സമ്മർദ്ദം കുറയ്ക്കുന്നത് ഉൾപ്പെടെ റമദാൻ മാസത്തിലെ സാഹചര്യങ്ങൾക്ക് അനുയോജ്യമായ സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം തൊഴിലുടമകൾ നൽകണം. പുറത്തുള്ള കഠിനമായ ജോലികളുടെ സമയം കുറയ്ക്കുക, അപകട സാധ്യതകളെക്കുറിച്ചും അവ തടയാനുള്ള വഴികളെക്കുറിച്ചും അവബോധം നൽകുക, മുഖം കഴുകാൻ തണുത്ത വെള്ളം നൽകുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം.

ആരോഗ്യ സംരക്ഷണത്തിൽ ജാഗ്രത പാലിക്കണമെന്ന് ജീവനക്കാരോടും മന്ത്രാലയം നിർദ്ദേശം നൽകി. അത്താഴം വൈകിപ്പിക്കാനും, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാനും ആവശ്യത്തിന് വെള്ളം കുടിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. നോമ്പ് തുറ ഭക്ഷണത്തിൽ കഫീനും പഞ്ചസാര പാനീയങ്ങളും ഒഴിവാക്കാനും, ഉപയോഗിക്കുന്ന മരുന്നുകൾ സൂപ്പർവൈസറെ അറിയിക്കണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.