
മസ്കത്ത്: 2025 ലെ സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ വലിയ മുന്നേറ്റം കരസ്ഥമാക്കി ഒമാൻ. 12 ഉപസൂചികകളെ അടിസ്ഥാനപ്പെടുത്തിയാണ് സാമ്പത്തിക സ്വാതന്ത്ര്യ സൂചിക തയ്യാറാക്കിയത്. നിയമവാഴ്ച, സ്വത്തവകാശങ്ങൾ, സാമ്പത്തിക മേഖലയുടെ വളർച്ച തുടങ്ങിയ കാര്യങ്ങളിൽ ഒമാൻ വലിയ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്. 2025 ൽ ഒമാന്റെ പോയിന്റ് നില 65.4 ആണ്. 2024ൽ ഇത് 62.9 ആയിരുന്നു.
ആഗോളതലത്തിൽ 184 രാജ്യങ്ങൾക്കിടയിൽ അമ്പത്തിയെട്ടാം സ്ഥാനത്താണ് ഒമാൻ. ഹെറിറ്റേജ് ഫൗണ്ടേഷൻ ആണ് ഈ റിപ്പോർട്ട് പുറത്തിറക്കിയത്. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിൽ 14 രാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്താണ് ഒമാനുള്ളത്. മിതമായ സാമ്പത്തിക സ്വാതന്ത്ര്യം എന്ന വിഭാഗത്തിലാണ് ഒമാൻ ഉൾപ്പെടുന്നത്. നിയമവാഴ്ച, തുറസായ വിപണി സമീപനം, കാര്യക്ഷമമായ നിയന്ത്രണങ്ങൾ തുടങ്ങിയവയിലെ പുരോഗതിയാണ് ഈ നേട്ടം കൈവരിക്കാൻ കാരണം. സംരംഭകത്വ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളും ഈ നേട്ടങ്ങൾക്ക് ഗുണം ചെയ്തു.