
മസ്‌കത്ത്: 2024-ൽ ഒമാനിലെ ഈന്തപ്പഴ ഉത്പാദനം 3,96,775 ടണ്ണിലെത്തിയതായി കണക്കുകൾ. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട പ്രാഥമിക കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ദാഖിലിയ ഗവർണറേറ്റ് 70,604 ടൺ ഉത്പാദനവുമായി ഈന്തപ്പഴ ഉത്പാദനത്തിൽ ഒന്നാമതെത്തി.
നിസ്വ, ബഹ്ല, മനാ തുടങ്ങിയ വിലായത്തുകളിലെ ഈന്തപ്പന തോട്ടങ്ങളുടെ സാന്നിധ്യമാണ് ഇതിന് കാരണം. 66,421 ടണ്ണുമായി ദാഹിറ ഗവർണറേറ്റ് രണ്ടാം സ്ഥാനത്തും 58,508 ടണ്ണുമായി സൗത്ത് ബാത്തിന ഗവർണറേറ്റ് മൂന്നാം സ്ഥാനത്തും ഇടംനേടി. 55,487 ടൺ ഉത്പാദിപ്പിച്ച നോർത്ത് ബാത്തിന ഗവർണറേറ്റ് നാലാം സ്ഥാനത്താണ്. പ്രാദേശിക, അന്തർദേശീയ വിപണികളിൽ ഒമാനി ഈന്തപ്പഴത്തിന് ആവശ്യക്കാർ കൂടുതലാണ്.
ഒമാനിൽ ജൂൺ മുതൽ സെപ്തംബർ വരെയാണ് ഈന്തപ്പഴ വിളവെടുപ്പ് കാലം. ജൂണിൽ തന്നെ വിളവെടുപ്പ് ആരംഭിക്കുന്ന രാജ്യത്തെ ആദ്യ ഗവർണറേറ്റാണ് അൽ ശർഖിയ്യ. ജുലൈയിലും ഇവിടെ വിളവെടുപ്പ് തുടരും. ഇവിടെ കൃഷി ചെയ്യുന്നത് പെട്ടെന്ന് വിളവെടുപ്പിന് പാകമാകുന്ന ഈന്തപ്പന ഇനമാണ്.