
മസ്കത്ത്: രാജ്യത്ത് വാഹനമോടിക്കുന്നവർക്ക് ജാഗ്രത നിർദേശവുമായി റോയൽ ഒമാൻ പോലീസ്. റമദാൻ മാസത്തെ വൈകുന്നേരങ്ങളിൽ അമിത വേഗതയിൽ വാഹനം ഓടിക്കുന്നത് അപകടങ്ങൾക്കിടയാക്കുമെന്നും അതിനാൽ ഡ്രൈവർമാർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും റോയൽ ഒമാൻ പോലീസ് അറിയിച്ചു. വൈകിയാണെങ്കിലും ഇഫ്താറിന് കുടുംബത്തോടൊപ്പം ചേരുന്നതിന് വേഗം കുറച്ചുള്ള ഡ്രൈവിംഗ് ആണ് ഗുണകരമെന്ന് അധികൃതർ വ്യക്തമാക്കി.
വാഹനം ഓടിക്കുമ്പോൾ ഡ്രൈവർമാർ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കണമെന്നും മറ്റ് വാഹനങ്ങളിൽ നിന്ന് കൃത്യമായ അകലം പാലിക്കണമെന്നും സിഗ്നലുകളിൽ ഉൾപ്പെടെ ട്രാഫിക് നിയമങ്ങൾ അനുസരിച്ച് മാത്രം വാഹനം ഓടിക്കണമെന്നും പോലീസ് നിർദ്ദേശം നൽകി.
ഇഫ്താറിന് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനുള്ള ശ്രമത്തിനിടെ അമിതവേഗത്തിൽ വാഹനം ഓടിക്കുന്നവർ അപകടത്തിൽ പെടാനുള്ള സാധ്യത ഏറെയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. വൈകുന്നേരങ്ങളിൽ അമിതവേഗതിയിൽ വാഹനം ഓടിക്കുന്നത് അപകടങ്ങൾ ഉണ്ടാക്കുന്ന സാഹചര്യം കഴിഞ്ഞ വർഷങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്.