ഒമാനിൽ വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം 7.6 ശ​ത​മാ​നം വ​ർ​ധി​ച്ചതായി റിപ്പോർട്ട്

മസ്കത്ത്: രാജ്യത്ത് വൈദ്യുതി ഉൽപാദനം വർദ്ധിച്ചുവെന്ന് ഒമാൻ. രാജ്യത്തെ വൈദ്യുതി ഉൽപാദനം 7.6% വർദ്ധിച്ചു എന്നാണ് സ്ഥിതിവിവര കേന്ദ്രത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബർ അവസാനം വരെ ഒമാനിലെ മൊത്തം വൈദ്യുതി ഉൽപാദനം മണിക്കൂറിൽ 48,452.7 ജിഗാ വാട്ടിലെത്തി. 2023ൽ ഇതേ കാലയളവിൽ ഇത് 45,012.9 ജിഗാ വാട്ട് ആയിരുന്നു.

തെക്ക്- വടക്ക് ബാത്തിന, ദാഹിറ ഗവർണറേറ്റുകൾ മണിക്കൂറിൽ 30,252.2 ജിഗാ വാട്ടാണ് മൊത്തം ഉല്പാദിപ്പിച്ചത്. 2023 ഡിസംബർ അവസാനവുമായി താരതമ്യം ചെയ്യുമ്പോൾ 6.4% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

അതേസമയം, മസ്കത്ത് ഗവർണറേറ്റിലെ മൊത്തം ഉത്പാദനം 19.4 ശതമാനം കുറഞ്ഞു. 486.9 ജിഗാ വാട്ടാണ് മസ്കത്ത് ഗവർണറേറ്റിലെ മൊത്തം ഉത്പാദനം. മുസന്ദം ഗവർണറേറ്റിൽ 6.6 ശതമാനം വർദ്ധിച്ച് മണിക്കൂറിൽ 503.8 ജിഗാ വാട്ടിലെത്തി. അൽ വുസ്താ ഗവർണറേറ്റിൽ 24.5 ശതമാനം കുറഞ്ഞ് മണിക്കൂറിൽ 169.6 ജിഗാ വാട്ടിലെത്തി.

ഇത്തവണ ദോഫാർ ഗവർണറേറ്റിൽ 11.9% വർദ്ധിച്ച് മണിക്കൂറിൽ 5679.7 ജിഗാ വാട്ടിലെത്തി. തെക്ക് – വടക്ക് ശർഖിയ ഗവർണറേറ്റുകളിൽ 7.2% ഉയർന്ന് 10,609.4 ജിഗാ വാട്ടിലെത്തിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു.