ഭിക്ഷാടനം വർദ്ധിക്കുന്നു: ആശങ്ക പ്രകടിപ്പിച്ച് ഒമാൻ സാമൂഹിക വികസന മന്ത്രാലയം

മസ്കത്ത്: രാജ്യത്ത് ഭിക്ഷാടനം വർദ്ധിച്ചു വരുന്നതിനെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ഒമാൻ. സാമൂഹിക വികസന മന്ത്രാലയമാണ് വിശുദ്ധ റമദാൻ മാസത്തിലും പൊതു അവധി ദിവസങ്ങളിലും ഭിക്ഷാടനം വർദ്ധിച്ചുവരുന്ന പ്രതിഭാസത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചത്. ഭിക്ഷാടനം നടത്തിയതിന് പിടികൂടപ്പെടുന്നവരിൽ ഭൂരിഭാഗവും പ്രവാസികളാണെന്ന് അധികൃതർ അറിയിച്ചു.

സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഹമൗദ് ബിൻ മുർദാദ് അൽ ഷാബിബി കഴിഞ്ഞ ദിവസം നടന്ന മാധ്യമ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാമൂഹിക വികസന മന്ത്രി ഡോക്ടർ ലൈല ബിൻത് അഹമ്മദ് അൽ നജ്ജാറിന്റെ നേതൃത്വത്തിലാണ് മാധ്യമ പരിപാടി നടന്നത്. യാചനയിൽ ഏർപ്പെട്ടിരിക്കുന്ന ഭൂരിഭാഗം വ്യക്തികളും യഥാർത്ഥ ആവശ്യം കൊണ്ടല്ല മറിച്ച് ഒരു തൊഴിലായാണ് അത് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ യാചകരെ പിടികൂടുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്വം റോയൽ ഒമാൻ പോലീസിന് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പൊതുസ്ഥലങ്ങളിൽ യാചന നടത്തുന്നവർക്കെതിരെ നേരത്തെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. മസ്ജിദുകൾ, റോഡുകൾ, വ്യാപാര സ്ഥാപനങ്ങൾ, മറ്റ് പൊതുസ്ഥലങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ യാചന നടത്തുന്നത് രാജ്യത്തിന്റെ സാമൂഹിക പ്രതിച്ഛായയെ മോശമായി ബാധിക്കും എന്നും ഇത് നിയമപരമായി കുറ്റകരമാണെന്നും അധികൃതർ നേരത്തെ അറിയിച്ചിട്ടുണ്ട്.