
മസ്‌കത്ത്: രാജ്യത്തെ മുഴുവൻ വാണിജ്യ സ്ഥാപനങ്ങളിലും ഇലക്ട്രോണിക് പേയ്മെന്റ് സൗകര്യം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് ഒമാൻ. വാണിജ്യ, വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫോൺ നമ്പറുകൾ വഴി ബാങ്ക് ട്രാൻസ്ഫറുകൾ ആവശ്യപ്പെടുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ക്രയവിക്രയങ്ങൾ, കസ്റ്റമർ സർവീസ് മാനേജ്മെന്റ്, ഫിനാൻഷ്യൽ എന്നിവ ത്വരിതപ്പെടുത്തുക, പണമിടപാടിലെ സുരക്ഷാ അപകട സാധ്യതകൾ കുറയ്ക്കുക, സമഗ്രമായ ഡിജിറ്റൽ പരിവർത്തനം സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ് ഇ-പേയ്മെന്റ് സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. ഇലക്ട്രോണിക് പേയ്മെന്റ് ഓപ്ഷനുകൾ നൽകാത്ത സ്ഥാപനങ്ങക്കെതിരെ ഉപഭോക്താക്കൾക്ക് തജാവുബ് പ്ലാറ്റ്‌ഫോം വഴി റിപ്പോർട്ട് ചെയ്യാവുന്നതാണ്. രാജ്യത്തെ ഫൂഡ് സ്റ്റഫ് സ്ഥാപനങ്ങൾ, സ്വർണം, വെള്ളി വ്യാപാര സ്ഥാപനങ്ങൾ, റസ്റ്ററന്റുകൾ, കഫേകൾ, പച്ചക്കറി പഴ വർഗ്ഗ വ്യാപാര സ്ഥാപനങ്ങൾ, ഇലക്ട്രോണിക് സ്ഥാപനങ്ങൾ, കെട്ടിട നിർമാണ ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, വ്യവസായ മേഖല, കോംപ്ലക്സുകൾ, മാളുകൾ, ഗിഫ്റ്റ് ഇനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയവിടങ്ങളിലാണ് ഇ-പേയ്മെന്റ് സംവിധാനം നടപ്പിലാക്കിയത്.