അത്യാധുനിക സംവിധാനങ്ങൾ: മുസന്ദമിലെ പുതിയ വിമാനത്താവളത്തിന് രൂപരേഖയായി

മസ്കത്ത്: മുസന്ദമിലെ പുതിയ വിമാനത്താവളത്തിന് അന്തിമ രൂപ രേഖയായി. മുസന്ദം ഗവർണർ സയ്യിദ് ഇബ്രാഹിം ബിൻ സഊദ് അൽ ബുസൈദിയാണ് ഇക്കാര്യം അറിയിച്ചത്. ഉടൻ ടെണ്ടർ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുസന്ദം ഗവർണറേറ്റിന്റെ വികസന പദ്ധതികളെ കുറിച്ച് വിശദീകരിക്കവേയാണ് അദ്ദേഹം വിമാനത്താവളത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്. 2028 രണ്ടാം പദത്തോടെ വിമാനത്താവളത്തിന്റെ നിർമ്മാണം പൂർത്തിയാക്കും. നൂതന സൗകര്യങ്ങളാണ് വിമാനത്താവളത്തിൽ ഒരുക്കുന്നത്. റൺവേ, ടാക്സി വേ, ടെർമിനൽ സർവീസ് ഏരിയ തുടങ്ങിയ സൗകര്യങ്ങളെല്ലാം മുസന്ദം വിമാനത്താവളത്തിൽ ഉണ്ടാകും. പ്രതിവർഷം 2,50,000 യാത്രക്കാരെ വരെ ഉൾക്കൊള്ളാവുന്ന തരത്തിലുള്ള സൗകര്യങ്ങളോടെയാണ് വിമാനത്താവളം ഒരുക്കുന്നത്.

അതേസമയം, മുസന്ദമിലെ വികസനങ്ങൾ നേരിട്ടറിയുന്നതിനായി നേരത്തെ ഒമാൻ സുൽത്താൻ ഗവർണറേറ്റിൽ സന്ദർശനം നടത്തിയിരുന്നു. മുസന്ദമിലെ ശൈഖുമാരുമായും പൗര പ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു.