
മസ്കത്ത്: ഒമാനിലെ ഖുറിയാത്തിലെ വാദി ദൈഖ അണക്കെട്ടിൽ ജലശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നു. ജലസുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. വരിക്കാർക്ക് സ്ഥിരമായ കുടിവെള്ള വിതരണം ഉറപ്പാക്കുന്നതിനുള്ള ഗവൺമെന്റിന്റെ നീക്കത്തിന്റെ ഭാഗം കൂടിയാണ് പദ്ധതിയെന്ന് അധികൃതർ വ്യക്തമാക്കി.
കാലാവസ്ഥ മാറ്റം ഉണ്ടാകുമ്പോൾ ജലവിതരണം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഈ പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്. കാർഷിക മേഖലയ്ക്ക് പിന്തുണ നൽകൽ എന്ന ലക്ഷ്യം കൂടി ഇതിനു പിന്നിലുണ്ട്. 22 മാസത്തിനുള്ളിൽ പ്ലാന്റിന്റെയും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളുടെയും നിർമ്മാണം പൂർത്തിയാക്കും. ജലശുദ്ധീകരണ പ്ലാന്റിന് പ്രതിദിനം 65000 ക്യൂബിക് മീറ്റർ മൊത്തം ഉത്പാദനശേഷി ഉണ്ടാകും. 35000 ക്യുബിക് മീറ്റർ കുടിവെള്ളം നാമ വാട്ടർ സർവീസസിലേക്ക് തിരിച്ചു വിടുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ബാക്കിയുള്ള 30000 ക്യൂബിക് മീറ്റർ കാർഷിക ജലസേചനത്തിനായി നൽകും.