
മസ്‌കത്ത്: രാജ്യത്തെ 35,000 ത്തിലധികം വാണിജ്യ രജിസ്‌ട്രേഷനുകൾ റദ്ദാക്കി ഒമാൻ. വാണിജ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നടപടികൾ സ്വീകരിച്ചത്. പ്രവർത്തനം നിർത്തിയതോ കാലാവധി കഴിഞ്ഞതോ ആയ കമ്പനികളുടെ രജിസ്‌ട്രേഷനുകളാണ് റദ്ദാക്കിയത്. വിപണി നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മന്ത്രാലയ അധികൃതർ വ്യക്തമാക്കി.
രാജ്യത്തെ എല്ലാ വാണിജ്യ രജിസ്‌ട്രേഷനുകളും ബാധകമായ നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും ഫലപ്രദമായ ബിസിനസുകളെ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. 35,778 കമ്പനികളുടെ വാണിജ്യ രജിസ്‌ട്രേഷനുകളാണ് മന്ത്രാലയം റദ്ദാക്കിയതായി പ്രഖ്യാപിച്ചത്.
വാണിജ്യ പ്രവർത്തനങ്ങൾ അവസാനിച്ചതോ കാലഹരണപ്പെട്ടതോ ആയ കമ്പനികളെ ലക്ഷ്യമിട്ടുള്ള അവലോകന പ്രക്രിയയുടെ രണ്ടാം ഘട്ടത്തിലാണ് കണ്ടെത്തൽ. ജോയിന്റ്-സ്റ്റോക്ക് കമ്പനികളെയും ഏക വ്യാപാരികളെയും ഒഴിവാക്കി. ഒമാനിലെ സജീവ ബിസിനസുകളെക്കുറിച്ചുള്ള കൃത്യമായ ഡാറ്റയും സ്ഥിതിവിവരക്കണക്കുകളും നിലനിർത്തുന്നതിന് ഈ സംരംഭം അനിവാര്യമാണെന്ന് മന്ത്രാലയ വൃത്തങ്ങൾ വിശദമാക്കുന്നു