
മസ്‌കത്ത്: ഒമാനിലെ പൊതുമേഖലാ വാട്ടർ സർവീസായ നാമ വാട്ടറിൽ സ്വദേശിവത്കരണം ശക്തമാക്കൊനൊരുങ്ങുന്നു. ഒമാൻ തൊഴിൽ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നടപടികൾ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി അതോറിറ്റി ഫോർ പബ്ലിക് സർവീസസ് റെഗുലേഷൻ, നാമ വാട്ടർ സർവീസസ് എന്നിവയുമായി ചേർന്ന് സംയുക്ത പരിപാടി ആരംഭിച്ചു.
ഒമാനി പൗരന്മാർക്ക് 885 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു. തൊഴിൽ മന്ത്രാലയത്തിലെ മാനവ വിഭവശേഷി വികസന അണ്ടർസെക്രട്ടറി സയ്യിദ് സലിം ബിൻ മുസല്ലം അൽ ബുസൈദി, നാമ വാട്ടർ സർവിസസ് സിഇഒ ഖൈസ് ബിൻ സൗദ് അൽ സക്വാനി, എപിഎസ്ആർ ചെയർമാൻ ഡോ. മൻസൂർ ബിൻ താലിബ് ബിൻ അലി അൽ ഹിനായ് തുടങ്ങിയവർ ഔപചാരിക കരാറിൽ ഒപ്പുവെച്ചു. രണ്ട് ഘട്ടങ്ങളിലായാണ് പരിപാടി നടപ്പാക്കുക. ആദ്യ ഘട്ടം ഇതിനകം ആരംഭിച്ചിട്ടുണ്ട്. 379 തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. രണ്ടാം ഘട്ടം നാമ വാട്ടർ സർവീസസിൽ 406 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കും.
പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് അടുത്ത ആഴ്ച പരിശീലനം നൽകുമെന്ന് സക്വാനി അറിയിച്ചു. 84 ശതമാനം ഒമാനൈസേഷൻ നിരക്കാണ് പരിപാടി ലക്ഷ്യമിടുന്നത്. ജലസേചന മേഖലയിൽ തൊഴിലന്വേഷകർക്ക് കഴിവുകളും പ്രായോഗിക പരിചയവും നൽകുന്നതിനാണ് ഈ സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നത്.