
മസ്‌കത്ത്: ഒമാനിൽ ഇനി ഗോതമ്പ് വിളവെടുപ്പ് കാലം. ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ഗോതമ്പ് വിളവെടുപ്പ് ആരംഭിച്ചു. ഇത്തവണ മികച്ച വിളപ്പെടുപ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഇത്തവണ ഒമാനിൽ വിപുലമായ കൃഷിയും സർക്കാറിന്റെ ഭാഗത്തു നിന്നും മികച്ച പിന്തുണയുമാണ് ലഭിച്ചിരിക്കുന്നത്. വടക്കൻ ശർഖിയ, ബുറൈമി, ദാഹിറ, ദഖിലിയ എന്നിവയുൾപ്പെടെ നിരവധി ഗവർണറേറ്റുകളിലാണ് വിളവെടുപ്പ് നടന്നുകൊണ്ടിരിക്കുന്നത്.
നിലവിലെ സീസണിൽ ഉയർന്ന ഉൽപ്പാദനക്ഷമതയും ധാന്യ ഗുണനിലവാരവും പ്രകടമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഗോതമ്പ് കൃഷിയുടെ ആകെ വിസ്തൃതി 6359 ഏക്കറിലേക്ക് വ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് 160 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. കർഷകരുടെ എണ്ണത്തിൽ 24 ശതമാനം വളർച്ചയും ഉണ്ടായി. സുൽത്താനേറ്റിലെ മൊത്തം ഗോതമ്പ് കൃഷി ചെയ്യുന്ന പ്രദേശത്തിന്റെ 80 ശതമാനവും ദോഫാർ ഗവർണേററ്റിലാണ്. 5,112 ഏക്കറിലായിരുന്നു ഇവിടെ കൃഷിനടത്തിയത്.
ദോഫാറായിരുന്നു വിളവെടുപ്പിലും ഒന്നാം സ്ഥനത്തെത്തിയത്. ഇവിടുത്തെ ഗോതമ്പ് ഉൽപ്പാദനം 5,940 ടൺ ആണ്. രണ്ടാം സ്ഥാനത്ത് ദാഖിലിയയാണ്. ദാഖിലിയയിൽ ഗോതമ്പ് കൃഷി ചെയ്തത് 779 ഏക്കറിലാണ്.