ആംസ്റ്റർഡാമിലേക്ക് വിമാന സർവ്വീസ് ആരംഭിക്കാൻ ഒമാൻ എയർ

മസ്‌കത്ത്: ആംസ്റ്റർഡാമിലേക്ക് വിമാന സർവ്വീസ് ആരംഭിക്കാൻ ഒമാൻ എയർ. മസ്‌കത്തിൽ നിന്നും ആംസ്റ്റർഡാമിലേക്ക് സർവ്വീസ് ആരംഭിക്കാനാണ് ഒമാൻ എയറിന്റെ തീരുമാനം. ഒമാൻ എയർ സർവ്വീസ് നടത്തുന്ന യൂറോപ്പിലെ 11-ാമത് ലക്ഷ്യസ്ഥാനമാണിത്. 2025 ജൂലൈ 1 മുതലായിരിക്കും സർവ്വീസ് ആരംഭിക്കുക. ആഴ്ച്ചയിൽ നാലു തവണയായിരിക്കും സർവ്വീസ്.

ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ നെതർലാൻഡ്സ് സന്ദർശന വേളയിലാണ് പുതിയ സർവ്വീസ് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഒമാൻ എയറിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) കോൺ കോർഫിയാറ്റിസും റോയൽ ഷിഫോൾ ഗ്രൂപ്പ് സിഇഒ പീറ്റർ വാൻ ഊർഡും പങ്കെടുത്ത ഒപ്പുവെക്കൽ ചടങ്ങിലാണ് പുതിയ റൂട്ട് പ്രഖ്യാപിച്ചത്. ആംസ്റ്റർഡാമിലേക്ക് സർവ്വീസ് ആരംഭിച്ചതിൽ അഭിമാനമുണ്ടെന്ന് ഒമാൻ എയർ സിഇഒ അറിയിച്ചു.

ഒമാൻ എയറിനെ ആംസ്റ്റർഡാമിലേക്ക് സ്വാഗതം ചെയ്യുന്നതിലും ആംസ്റ്റർഡാമിനെയും മസ്‌കത്തിനെയും ബന്ധിപ്പിച്ച് വിമാന സർവ്വീസ് ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് പീറ്റർ വാൻ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഈ സർവ്വീസ് സുപ്രധാന പങ്കുവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.