
മസ്‌കത്ത്: ഒമാനിൽ ഉഗ്രവിഷമുള്ള കരിമൂർഖനെ കണ്ടെത്തി. ആദ്യമായാണ് ഒമാനിൽ ഉഗ്ര വിഷമുള്ള കരിമൂർഖനെ കണ്ടെത്തുന്നത്. ദോഫാർ ഗവർണറേറ്റിലാണ് പരിസ്ഥിതി അതോറിറ്റി പാമ്പിനെ കണ്ടെത്തിയത്. സൂടാക്‌സ എന്ന ജേണലിൽ ഇതുസംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് കണ്ടുവരുന്ന പാമ്പുകളുടെ എണ്ണം 22 ആയി. വാട്ടറിനേഷിയ ഏജിപ്തിയ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന പാമ്പാണ് മരുഭൂമി കരിമൂർഖൻ.
മിഡിൽ ഈസ്റ്റിൽ വ്യാപകമായി കാണപ്പെടുന്നുണ്ട്. ഉഗ്രവിഷമാണ് ഇവയ്ക്ക്. രാജവെമ്പാലയുടെ വിഷത്തിന് സമാനമായതാണ് മരുഭൂമി കരിമൂർഖന്റെ വിഷം. രാത്രിയിലാണ് ഈ പാമ്പുകൾ പുറത്തിറങ്ങാറുള്ളത്. കറുത്ത തിളങ്ങുന്ന ശരീരമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഏകദേശം 150 സെന്റിമീറ്റർ വരെയാണ് ഈ പാമ്പുകളുടെ നീളം. മറ്റ് മൂർഖൻ പാമ്പുകളേക്കാൾ പ്രതിരോധശേഷി ഈ പാമ്പുകൾക്ക് കൂടുതലാണ്.
ഈ കണ്ടെത്തൽ ഒമാന്റെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും വന്യജീവി മേഖലകളിലെ ഗവേഷണത്തിനും നിർണായകമാകുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.