
മസ്കത്ത്: മസ്കത്തിലെ ഒരു സ്ഥാപനത്തിൽ നിന്ന് ലൈസൻസ് ഇല്ലാത്ത ഹെർബൽ, സൗന്ദര്യവർദ്ധക ഉത്പന്നങ്ങൾ പിടിച്ചെടുത്തു. 1329 ലൈസൻസില്ലാത്ത ഉൽപ്പന്നങ്ങളാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പിടിച്ചെടുത്തത്. അതോറിറ്റിയുടെ മാർക്കറ്റ് റെഗുലേഷൻ ആൻഡ് കൺട്രോൾ സർവീസ് ഡിപ്പാർട്ട്മെന്റ് ആണ് ഇത് സംബന്ധിച്ച നടപടികൾ സ്വീകരിച്ചത്.
ക്രീമുകൾ, ക്യാപ്സൂളുകൾ, ഔഷധ ചേരുവകൾ ചേർത്ത വിവിധതരം തേൻ തുടങ്ങിയവയെല്ലാം പിടിച്ചെടുത്ത ഉത്പന്നങ്ങളിൽ ഉൾപ്പെടുന്നു. ഈ ഉൽപ്പന്നങ്ങൾക്കൊന്നും ആവശ്യമായ ലൈസൻസോ അംഗീകാരങ്ങളോ ഇല്ലാതെയാണ് വിപണനം നടത്തിയിരുന്നത്.
രജിസ്റ്റർ ചെയ്യാത്തതും അപകടകരമായ ഉൽപ്പന്നങ്ങൾ വിൽക്കുന്നതായി സംശയിക്കുന്നതുമായ സ്ഥാപനങ്ങളിൽ ജുഡീഷ്യൽ എൻഫോസ്മെന്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.