
മസ്‌കത്ത്: റഷ്യ സന്ദർശിക്കാനൊരുങ്ങി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്. തിങ്കളാഴ്ച്ചയാണ് അദ്ദേഹം റഷ്യയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തുന്നത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ക്ഷണം അനുസരിച്ചാണ് ഒമാൻ സുൽത്താന്റെ റഷ്യൻ സന്ദർശനം.
ഒമാൻ സുൽത്താന്റെ രണ്ട് ദിവസത്തെ റഷ്യൻ സന്ദർശനത്തിൽ വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ചർച്ച നടത്തും. നിലവിലെ പ്രാദേശിക, അന്തർദേശീയ വിഷയങ്ങളെ കുറിച്ച് ഇരു നേതാക്കളും സംസാരിക്കും.
ഇരു രാജ്യങ്ങളും തമ്മിൽ വിവിധ കരാറുകളിൽ ഒപ്പുവെച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. റഷ്യൻ സന്ദർശന വേളയിൽ ഉന്നതതല പ്രതിനിധി സംഘവും ഒമാൻ സുൽത്താനെ അനുഗമിക്കുന്നുണ്ട്. പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി റോയൽ ഓഫീസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി തുടങ്ങിയവരാണ് അദ്ദേഹത്തെ അനുഗമിക്കുന്നത്.