ലൈസൻസ് കാലഹരണപ്പെട്ടു; ഒമാനിൽ 35,778 വാണിജ്യ രജിസ്ട്രേഷനുകൾ റദ്ദാക്കി

മസ്‌കത്ത്: ഒമാനിൽ വാണിജ്യ, വ്യാപാര പ്രവർത്തനങ്ങൾ സജീവമല്ലാത്തതോ ലൈസൻസ് കാലഹരണപ്പെട്ടതോ ആയ വാണിജ്യ രജിസ്ട്രേഷനുകൾ റദ്ദാക്കി. വാണിജ്യ, വ്യവസായ, നിക്ഷേപക പ്രോത്സാഹന മന്ത്രാലയമാണ് ഇതുസംബന്ധിച്ച നടപടികൾ സ്വീകരിച്ചത്. 35,778 വാണിജ്യ രജിസ്ട്രേഷനുകൾക്ക് തുടർന്ന് പ്രവർത്തിക്കാൻ സാധിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു.

റദ്ദാക്കിയ കമ്പനികളിൽ ജോയിന്റ് സ്റ്റോക്ക് കമ്പനികളോ വ്യക്തിഗത വ്യാപാരികളോ ഉൾപ്പെടുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. രജിസ്റ്റർ ചെയ്തിരിക്കുന്ന മുഴുവൻ വാണിജ്യ സ്ഥാപനങ്ങളും നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു നടപടി. ആദ്യ ഘട്ടത്തിന്റെ ഭാഗമായി 1970 മുതൽ 1999 വരെയുള്ള കാലയളവിൽ പ്രവർത്തനം നിർത്തിയതോ ലൈസൻസ് കാലഹരണപ്പെട്ടതോ ആയ 3,415 കമ്പനികളുടെ രജിസ്ട്രേഷൻ നേരത്തെ റദ്ദാക്കിയിരുന്നു.

ഇതിന്റെ തുടർച്ചയായ പരിശോധനയിലാണ് ഇതിനോടകം 32,000ൽ പരം കമ്പനികൾക്ക് തുടർ പ്രവർത്തന അനുമതി നഷ്ടപ്പെട്ടിരിക്കുന്നത്. കൂടുതൽ കമ്പനികളെ ഉൾപ്പെടുത്തിയുള്ള അവലോകനങ്ങളുടെ തുടർ ഘട്ടം ഉടൻ ഉണ്ടാകും. ആർട്ടിക്കിൾ 15ൽ അനുശാസിക്കുന്ന വാണിജ്യ റജിസ്റ്റർ നിയമ നമ്പർ (3/74) അടിസ്ഥാനമാക്കിയാണ് റജിസ്ട്രേഷൻ റദ്ദാക്കാനുള്ള തീരുമാനമെന്ന് അധികൃതർ വിശദീകരിച്ചു.