രക്തം കട്ട പിടിക്കൽ ചികിത്സ; ആൽഫാവാക് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ജിസിസി യിലെ ആദ്യ ആശുപത്രിയായി ഒമാനിലെ റോയൽ ആശുപത്രി

മസ്കത്ത്: രക്തം കട്ടപിടിക്കുന്നതിനുള്ള ചികിത്സയ്ക്കായി ആൽഫാവാക് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ജിസിസി യിലെ ആദ്യ ആശുപത്രിയായി ഒമാനിലെ റോയൽ ഹോസ്പിറ്റൽ. റോയൽ ആശുപത്രിയിലെ നാഷണൽ ഹാർട്ട് സെന്റർ ആണ് നൂതന അമേരിക്കൻ ആൽഫാവാക് സംവിധാനം ഉപയോഗിക്കുന്നത്. ആധുനിക മെഡിക്കൽ സൗകര്യങ്ങൾ നൽകുന്നതിനും സുൽത്താനേറ്റിൽ ലോകോത്തര ഹൃദയ ചികിത്സ സേവനങ്ങൾ ഒരുക്കുന്നതിനും വേണ്ടിയുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. ആൽഫവാക് സിസ്റ്റം എന്നത് പൾമണറി എംബോളിസവും ത്രോമ്പോബോളിസവും ചികിത്സിക്കുന്നതിനുള്ള അത്യാധുനിക ഇന്റർവെൻഷണൽ സാങ്കേതികവിദ്യയാണ്. തുറന്ന ശസ്ത്രക്രിയയുടെ ആവശ്യമില്ലാതെ വലിയ സിരകളിൽ നിന്ന് രക്തം കട്ട പിടിക്കുന്നത് കാര്യക്ഷമമായി നീക്കം ചെയ്യാൻ ഇതിലൂടെ കഴിയും.

ചികിത്സാ സങ്കീർണതകൾ കുറയ്ക്കാൻ കഴിയും എന്നതാണ് മറ്റൊരു നേട്ടം. ഈ ചികിത്സാ രീതിയിലൂടെ രോഗികൾക്ക് വേഗം സുഖം പ്രാപിക്കാനുള്ള അവസരവും ലഭിക്കും. രക്തം കട്ടപിടിക്കുന്നത് നീക്കം ചെയ്യുന്നതിൽ ഈ സാങ്കേതികവിദ്യ 90% ത്തിലധികം വിജയശതമാനം കൈവരിച്ചതായും സങ്കീർണതകളിലും രക്തസ്രാവത്തിലും ഗണ്യമായ കുറവ് വരുത്തിയെന്നും മെഡിക്കൽ സംഘം റിപ്പോർട്ട് ചെയ്യുന്നു. ശസ്ത്രക്രിയയ്ക്ക് അനുയോജ്യരല്ലാത്ത രോഗികൾക്ക് ഗുണം ചെയ്യുന്നതാണ് ഈ സംവിധാനമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.