
ന്യൂഡൽഹി: ഭീകരതയ്ക്ക് എതിരെയുള്ള പോരാട്ടം കൂടുതൽ ശക്തമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീർ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഈ ഹീനമായ പ്രവൃത്തിക്ക് പിന്നിലുള്ളവരെ വെറുതെ വിടില്ലെന്നും അവരുടെ ദുഷ്ട അജണ്ട ഒരിക്കലും വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി സന്ദർശനം അവസാനിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെത്തി. ഇന്ത്യയിൽ തിരികെ എത്തിയ പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്താൻ അടിയന്തര യോഗം ചേർന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവരുമായി അദ്ദേഹം ചർച്ച നടത്തി.
അതേസമയം, ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചാണ് ഇന്ത്യ സൗദി ഉച്ചകോടി തുടങ്ങിയത്. സൗദി കിരീടാവകാശി ഭീകരാക്രണത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം അറിയിച്ചു. എല്ലാ സഹായങ്ങളും സൗദി കിരീടാവകാശി വാഗ്ദാനം ചെയ്യുകയും ചെയ്തു.